തുറവൂർ: പ്രതിഷേധം, നിവേദനം നൽകൽ, മനുഷ്യച്ചങ്ങല തീർക്കൽ തുടങ്ങിയ നടപടികളുമായി നാട്ടുകാർ നിരന്തരം രംഗത്തിറങ്ങിയിട്ടും തുറവൂരിലെ ഉയരപ്പാത നിർമാണ സ്ഥലത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. നിലവിലെ ദേശീയപാതയുടെ മീഡിയനിൽ തൂണുകൾ സ്ഥാപിച്ചാണ് ഉയരപ്പാത നിർമാണം. അരൂർ മുതൽ തുറവൂർ വരെയുള്ള ഹൈവേയിൽ ചില സ്ഥലത്ത് മാത്രമാണ് തൂണുകളുടെ നിർമിതി നടക്കുന്നത്. അതിൽ ഏറ്റവും സ്ഥലപരിമിതിയേറിയ ഇടമാണ് കോടംതുരുത്ത് സ്കൂളിനു സമീപമുള്ള നിർമാണകേന്ദ്രം. വെള്ളക്കെട്ടും ഗതാഗത സ്തംഭനവും അപകടങ്ങളും നിത്യമായിരിക്കുകയാണ്. ഉയരപ്പാത നിർമാണം ആരംഭിക്കുമ്പോൾ തന്നെ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയാണിതെന്ന് അധികൃതർ പറയുന്നു. നിർമാണം ആരംഭിക്കുംമുമ്പ് ജനപ്രതിനിധികളുടെ അഭിപ്രായം ചോദിക്കാനോ ജനകീയ സമിതി രൂപവത്കരിക്കാനോ അധികൃതർ തയാറായില്ലെന്ന് പരാതിയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ അപകടങ്ങളും മരണങ്ങളും നാട്ടുകാരെ പ്രകോപിതരാക്കിയിട്ടുണ്ട്. മനുഷ്യച്ചങ്ങലയും മറ്റും നടത്തിക്കൊണ്ട് ജനാധിപത്യ രീതിയിൽ ചില നിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. അതൊന്നും ഗൗനിക്കാതെ പഴയ രീതിയിൽ നിർമാണവുമായി മുന്നോട്ടുപോവുകയാണ് കരാർ കമ്പനി. നിർമാണ സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ച് ഗതാഗതം പരിമിതപ്പെടുത്തിയാണ് നിർമാണം. പുതിയ കലക്ടർ ചുമതലയേറ്റ ഉടൻ ഉയരപ്പാത നിർമാണസ്ഥലം സന്ദർശിക്കുകയും ഗതാഗതം തിരിച്ചുവിടാൻ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു.
എറണാകുളം ഭാഗത്തുനിന്ന് എത്തുന്ന ഭാരമേറിയ വാഹനങ്ങൾ അരൂക്കുറ്റി റോഡ് വഴി ചേർത്തല തുറവൂർ ഭാഗത്തേക്ക് എത്തണമെന്നും ആലപ്പുഴ, ചേർത്തല ഭാഗത്തുനിന്നും തുറവൂരിൽ എത്തുന്ന വാഹനങ്ങൾ പടിഞ്ഞാറോട്ടുകേറി കുമ്പളങ്ങി തുറവൂർ റോഡിലൂടെ യാത്രചെയ്തു എരമല്ലൂരിലോ പശ്ചിമകൊച്ചിയിലോ എത്തണമെന്നുമായിരുന്നു നിർദേശം. ഇതിനുവേണ്ടി അരൂക്കുറ്റി, കുമ്പളങ്ങി റോഡുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും നിർദേശിച്ചിരുന്നു. അരൂക്കുറ്റി ഭാഗങ്ങൾ റോഡുകളുടെ നിർമാണം നടത്തിയതുമാണ്.
മഴ എത്തുംമുമ്പ് ഗതാഗത നിയന്ത്രണ സംവിധാനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. അടിയന്തരമായി പൊലീസ് മേലുദ്യോഗസ്ഥന്മാർ, റവന്യൂ അധികാരികൾ, ജില്ല ഭരണകൂടം ഇവ ഇടപെട്ടുകൊണ്ട് ദേശീയപാത വികസന നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം നാട്ടുകാരുടെ ജീവനുംകൂടി സംരക്ഷണം നൽകുന്ന തീരുമാനം ഉണ്ടാക്കാനാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.