തുറവൂർ: വേമ്പനാട്ടുകായലിൽ പോളപ്പായൽ തിങ്ങിനിറഞ്ഞ തൊഴിലിടവും തൊഴിലും നഷ്ടപ്പെട്ട് മത്സ്യത്തൊഴിലാളികൾ. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിലെ തീരവാസികളായ തൊഴിലാളികളാണ് മത്സ്യബന്ധനത്തിനായി വേമ്പനാട്ടുകായലിനെയും കൈവഴികളെയും ആശ്രയിക്കുന്നത്. വീശുവല, നീട്ടുവല, ചീനവല എന്നീ വലകളുപയോഗിച്ച് മീൻ പിടിച്ചുവിൽക്കുന്നവരും കക്കവാരി വിറ്റ് ഉപജീവനം നടത്തുന്നവരുമെല്ലാം ഒരുപോലെ ദുരിതം അനുഭവിക്കുകയാണ്. പായൽ അൽപം ഒഴുകിനീങ്ങുമ്പോൾ വള്ളമിറക്കുന്ന തൊഴിലാളികൾക്ക് കായലിൽ മുഴുവൻ അലഞ്ഞുതിരിഞ്ഞാലും വലവീശാനോ വല നീട്ടാനോ കഴിയുന്നില്ല. കാറ്റിൽ അടിഞ്ഞുകൂടുന്ന പായൽ മൂലം വള്ളങ്ങൾ കരക്കടുപ്പിക്കാനും പ്രയാസപ്പെടുകയാണ്. തൊഴിലിടം നഷ്ടമായതോടെ മറ്റു തൊഴിലുകൾ തേടിപ്പോകാൻ നിർബന്ധിതരായിരിക്കുകയാണ് ഇവർ. ഓരുവെള്ളം ഒഴുകിയെത്തി പായൽ ഉണങ്ങിക്കരിഞ്ഞെങ്കിൽ മാത്രമേ മത്സ്യബന്ധനം സാധ്യമാകൂ. നവംബർ അവസാനമോ ഡിസംബർ ആദ്യമോ മാത്രമേ കായലിൽ ഓരുവെള്ളമെത്തൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.