തുറവൂർ: ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ ചേർന്ന അടിയന്തര യോഗത്തിന്റെ നിർദേശങ്ങളും പാലിക്കാത്തതിനെ തുടർന്ന് പള്ളിത്തോട്ടിൽ വീടുകൾ ഇപ്പോഴും വെള്ളത്തിൽ. പടിഞ്ഞാറൻ കരിനിലങ്ങളിലെ ബണ്ടുകൾ പുനർനിർമിക്കാനോ നിറഞ്ഞു കവിഞ്ഞ വെള്ളം പമ്പു ചെയ്യാനോ പാടശേഖര സമിതികൾ തയാറായിട്ടില്ല.
കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ നൂറുകണക്കിനേക്കർ നെൽപ്പാടങ്ങൾ കൃഷിയിറക്കാതെ കിടപ്പുണ്ട്. പള്ളിത്തോട്, വലിയതടം പാടങ്ങളിൽ ബണ്ട് പൊട്ടിക്കിടക്കുകയാണ്. മറ്റു പാടങ്ങളിലെല്ലാം ഉപ്പുവെള്ളം നിറഞ്ഞു കിടക്കുകയാണ്. പട്ടികജാതിക്കാരായ താമസക്കാർക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ പാടത്തു നിറഞ്ഞു കിടക്കുന്ന വെള്ളം പമ്പു ചെയ്യണമെന്ന് കാട്ടി കുത്തിയതോട് കൃഷി അസി. ഡയറക്ടറുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘം ആഗസ്റ്റ് 20-ന് പാടശേഖര സമിതികൾക്ക് നോട്ടീസ് നൽകിയിരുന്നു.
ഇതു പാലിക്കാൻ സമിതികൾ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് കെ.പി.എം.എസ്.( പി.എം. വിനോദ് വിഭാഗം) ചൊവാഴ്ച റോഡ് ഉപരോധിച്ചത്. ഉപരോധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയപ്പോഴാണ് ചേർത്തല ഡി.വൈ.എസ്.പി ബെന്നിയുടെ സാന്നിധ്യത്തിൽ കുത്തിയതോട് പഞ്ചായത്തംഗങ്ങൾ അടിയന്തര യോഗം ചേർന്ന് തകർന്ന ബണ്ടുകൾ പുനഃസ്ഥാപിച്ച് പാടശേഖരങ്ങളിലെ വെള്ളം ഉടൻ പമ്പു ചെയ്യിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഈ നിർദേശത്തിന് യാതൊരു വിലയും നൽകാൻ പാടശേഖര സമിതികൾ തയാറായിട്ടില്ല.
മോട്ടോറുകൾ തകരാറിലാണ്, വൈദ്യുതി ബന്ധം വിഛേദിച്ചിരിക്കയാണ് തുടങ്ങി ബണ്ട് നിർമിക്കാൻ ഫണ്ടില്ല തുടങ്ങിയ കാരണങ്ങളാണ് സമിതികൾ മുന്നോട്ടുെവയ്ക്കുന്നത്. പാടശേഖര സമിതികളും ഉദ്യോഗസ്ഥരും പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഒത്തുകളിക്കുകയാണെന്ന് സമരസമിതി ഭാരവാഹികളായ സന്തോഷ്, സാബു, ധർമജൻ എന്നിവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.