ആറാട്ടുപുഴ: നടുക്കം വിട്ടുമാറാത്ത സൂനാമി ദുരന്തത്തിെൻറ കണ്ണീരോർമകൾക്ക് ശനിയാഴ്ച 16 ആണ്ട് തികയുന്നു. 2014 ഡിസംബർ 26ന് ലോകത്തെ നടുക്കിയ സൂനാമി ഭീകര തിരമാലയിൽ ആറാട്ടുപുഴ തീരഗ്രാമത്തിനും മായ്ക്കാനാകാത്ത മുറിപ്പാടുകളുണ്ട്. വിങ്ങിപ്പൊട്ടുന്ന ഒരുപാട് ഹൃദയങ്ങൾ മറക്കാനാകാത്ത വേദനകൾ തിന്ന് കഴിയുന്നു.
29 മനുഷ്യജീവനുകളാണ് ആറാട്ടുപുഴയിൽ മാത്രം പൊലിഞ്ഞത്. ചേർത്തല അന്ധകാരനഴിയിൽ ഏഴുപേരും മരിച്ചു. നൂറുകണക്കിന് വീടുകൾ തകർന്നടിഞ്ഞു. പെരുമ്പള്ളി, തറയിൽകടവ്, വലിയഴീക്കൽ പ്രദേശങ്ങളായിരുന്നു സൂനാമിയിൽ തകർന്നടിഞ്ഞത്. ദുരന്തമുണ്ടായി ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോൾ അധികാരികൾ തങ്ങളോട് കാട്ടിയ വഞ്ചനക്ക് സൂനാമി ഉണ്ടാക്കിയതിെനക്കാൾ വലിയ വേദനയുണ്ടെന്ന് തീരവാസികൾ പറയുന്നു. തീരത്ത് പൂർത്തിയാകാതെ കിടക്കുന്ന സൂനാമി പുനരധിവാസ പദ്ധതികളും സൂനാമി കോളനികളിലെ ദുരിതജീവിതങ്ങളും അടിസ്ഥാന സൗകര്യങ്ങൾപോലും ഇല്ലാത്ത തീരഗ്രാമത്തിെൻറ ശോച്യാവസ്ഥയും അവർ തെളിവായി ചൂണ്ടിക്കാട്ടുന്നു.
ആറാട്ടുപുഴ ഗ്രാമത്തിെൻറ പുനർനിർമാണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതികൾ ഏറെയും ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിൽ 19 റോഡ് നിർമിക്കുന്നതിന് പ്രത്യേക എസ്.ജി.ആർ.വൈ പദ്ധതി പ്രകാരം 2005-06ൽ അനുവദിച്ച 1.31 കോടിയിൽ അധികവും പലരും കീശയിലാക്കിയതിനാൽ പദ്ധതി ലക്ഷ്യംകണ്ടില്ല.
ആയുർവേദ ആശുപത്രിയിലെ കിടത്തിച്ചികിത്സ വാർഡ് (35 ലക്ഷം), വലിയഴീക്കൽ ഗവ. എച്ച്.എസ്.എസ് സ്കൂൾ കെട്ടിടം (46 ലക്ഷം), മംഗലം ഗവ. എച്ച്.എസ്.എസിൽ നിർമിച്ച ക്ലാസ് മുറികൾ (23 ലക്ഷം), ഫിഷറീസ് ആശുപത്രി വളപ്പിൽ നിർമിച്ച ഒ.പി കെട്ടിടം, തീരവാസികൾക്ക് തൊഴിൽ നൽകുന്നത് ലക്ഷ്യമിട്ട് കോടികൾ മുടക്കി പെരുമ്പള്ളി കുറിയപ്പശ്ശേരി ക്ഷേത്രത്തിന് സമീപം നിർമിച്ച ക്ലസ്റ്റർ െപ്രാഡക്ഷൻ യൂനിറ്റ്, വൃദ്ധസദനം എന്നീ സുപ്രധാന പദ്ധതികളാണ് പാതിവഴിയിൽ നിലച്ചത്.
കായംകുളം ഫിഷിങ് ഹാർബറിെൻറ ഭാഗമായി വടക്കേ കരയിൽ നിർമിച്ച ലേലഹാൾ അടുത്തിടെ പ്രവർത്തനം തുടങ്ങിയത് ആശ്വാസം നൽകുന്നു. കൂടാതെ, മത്സ്യഫെഡിെൻറ മേൽനോട്ടത്തിൽ രാമഞ്ചേരിയിൽ നിർമിച്ച ഫിഷ് മീൽ പ്ലാൻറ് അടുത്തിടെ ഉദ്ഘാടനം ചെയ്തു.സൂനാമി കോളനികളിൽ നിരവധി വീടുകളാണ് പൂർത്തിയാകാതെ കിടക്കുന്നത്.
കോളനികളിൽ കഴിയുന്നവരാകട്ടെ നരകയാതന അനുഭവിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലാത്ത കോളനികളിലെ അറപ്പുളവാക്കുന്ന ചുറ്റുപാടിൽ മൃഗങ്ങെളക്കാൾ കഷ്ടത്തിൽ കഴിഞ്ഞുകൂടുകയാണ് ഇവർ. ദുരന്തബാധിതരോട് അധികാരികൾ തുടർന്നുവരുന്ന കടലോളം പോന്ന വഞ്ചനയുടെ പ്രതിഷേധവും ഓർമപ്പെടുത്തലുംകൂടിയാണ് ഓരോ സൂനാമി അനുസ്മരണദിനവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.