വടുതല: വടുതല ജങ്ഷനിലും പരിസര പ്രദേശങ്ങളിലും ഭീതിപരത്തി തെരുവുനായ്ക്കൾ വിലസുന്നു. ഒറ്റക്കും കൂട്ടമായും നായ്ക്കൾ വിഹരിക്കുന്നത് ഇരുചക്ര വാഹന യാത്രികർക്കും കാൽനടക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂലങ്കുഴി, നീലേകാട്ട്, മിർസാദ് റോഡ് പ്രദേശങ്ങളിൽ വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നാണ് പരാതി. നായ്ക്കളുടെ വിഹാരം ഭീതിപ്പെടുത്തുന്നതാണ്. വീടുകളുടെ അകത്തേക്കുപോലും നായ്ക്കൾ കൂട്ടമായി കയറുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്.
കുട്ടികൾക്ക് ഒറ്റക്ക് സ്കൂളുകളിലേക്കും മദ്റസകളിലേക്കും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇറച്ചി, മീൻ തുടങ്ങിയ ഭക്ഷണപ്പൊതികളുമായി പോകുന്നവരെ നായ്ക്കൾ പിന്തുടരുന്നതും ഭയമുണ്ടാക്കുന്നു. രാത്രികാലങ്ങളിൽ വീടിന്റെയും കടകളുടെയും വരാന്തകളിൽ കയറി അവിടെയുള്ളവയെല്ലാം നശിപ്പിക്കുന്നതും നിത്യസംഭവമാകുന്നുണ്ട്. ആളൊഴിഞ്ഞയിടങ്ങളിലും മറ്റും നായ്ക്കൾ ധാരാളമായി പെറ്റുപെരുകുന്നുമുണ്ട്.
തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ഒരു നടപടിയും അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. അരൂക്കുറ്റി പഞ്ചായത്താണ് തെരുവുനായ്ക്കളെ നിയന്ത്രിക്കേണ്ടത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് ഒരു നടപടിയും പഞ്ചായത്ത് സ്വീകരിക്കുന്നില്ല. ജനങ്ങൾക്ക് ഭീതിയില്ലാതെ ജീവിക്കാൻ ഉതകുംവിധം തെരുവുനായ്ക്കളെ സുരക്ഷിതമായ സ്ഥലത്ത് സംരക്ഷിക്കാൻ പഞ്ചായത്ത് തയാറാകണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.