വടുതല: ഒമ്പതാം വയസ്സിൽ തുടങ്ങിയ നോമ്പുനോക്കൽ 80ന് അടുത്തെത്തുമ്പോഴും സൈനബക്ക് ആവേശമാണ്. നോമ്പുകാലം തനിക്ക് മറ്റ് ദിവസത്തേക്കാൾ സന്തോഷവും ആനന്ദവുമാണ് നൽകുന്നത്. മറ്റ് സമയങ്ങളിലുണ്ടാകുന്ന പല അസുഖങ്ങളും ബുദ്ധിമുട്ടും നോമ്പാകുമ്പോൾ നന്നേ കുറയുകയും വിഭവങ്ങളിൽ ഐശ്വര്യമുണ്ടാകുകയും ചെയ്യുന്നു.
മരട് തോട്ടത്തിൽ പരേതനായ കൊച്ചുണ്ണിയുടെയും പാത്തുമ്മയുടെയും മകളാണ് സൈനബ. ഏകസഹോദരൻ കുഞ്ഞുമുഹമ്മദ് മരണപ്പെട്ടു. ചെറുപ്പത്തിൽ കൂട്ടുകാരികളുമായി മത്സരിച്ചാണ് നോമ്പെടുത്തിരുന്നത്. അവരോടൊപ്പം ഖുർആൻ പാരായണവും നമസ്കാരമൊക്കെ നടത്തും. തൊടിയിൽനിന്ന് പെറുക്കുന്ന മാങ്ങയും കശുമാങ്ങയും പുളിയുമൊക്കെ നോമ്പുതുറക്ക് ശേഖരിച്ചുവെക്കുന്ന ശീലമുണ്ടായിരുന്നു. ദാരിദ്രമനുഭവിക്കുന്ന സമയമാണെങ്കിലും നോമ്പുകാലത്ത് പ്രത്യേക ഐശ്വര്യമായിരുന്നു. വീടുകളിൽ അന്നൊക്കെ പത്തിരിയൊക്കെ ഉണ്ടാക്കൽ വളരെ അപൂർവമാണ്. ഇപ്പോൾ സുലഭമായി കടകളിൽനിന്ന് ലഭിക്കുന്നു. മുമ്പത്തെ അപേക്ഷിച്ച് സ്ത്രീകൾക്ക് ജോലി അടുക്കളയിൽ വളരെ കുറവാണ്.
20 വയസ്സിൽ കുന്നേൽ പരേതനായ കുഞ്ഞു മുഹമ്മദിന്റെ (മാമ്മി) ഭാര്യയായി വടുതലയിലെത്തുകയായിരുന്നു. വടുതലയിലെ ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകനിലൊരാളായിരുന്നു തന്റെ ഭർത്താവ്. അന്ന് വീട്ടിൽ നടക്കാറുള്ള ക്ലാസുകൾ കേട്ട് അറിവ് ധാരാളമായി ലഭിച്ചു.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഉന്നത ശ്രേണിയിലുള്ള ഒരാളുടെ ഭാര്യയായതിനാൽ താനും ആ രീതിയിൽ പാകപ്പെടുകയായിരുന്നു. അമുസ്ലിംകളായ അയൽവാസികൾക്ക് ഉൾപ്പെടെ നോമ്പുതുറയും പെരുന്നാൾ വിഭവങ്ങളുമെത്തിക്കുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. പെരുന്നാൾ വിഭവങ്ങൾ വീടുകളിലെത്തിച്ചതിന് ശേഷമായിരുന്നു ഈദ് ഗാഹിലേക്ക് പോയിരുന്നത്. സലീന, സക്കീന, സഫീർ എന്നിവരാണ് മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.