ആലപ്പുഴ: ജില്ലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. ലോക്ഡൗൺകാലത്ത് കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിക്രമവുമായി ബന്ധപ്പെട്ട് ഈ വർഷം വനിത സെല്ലിൽ മാത്രം കിട്ടിയത് 365 പരാതികളാണ്. ഇതിൽ 53 എണ്ണം ഇൗ മാസത്തേതാണ്. കുടുംബ പ്രശ്നവുമായി ബന്ധെപ്പട്ട് 2021 ജനുവരി ഒന്നുമുതൽ ജൂൺ 25 വരെ 250 പരാതികളും ലഭിച്ചു. അതിൽ മൂന്നെണ്ണം വെള്ളിയാഴ്ച കിട്ടിയതാണ്. ഭർത്താവിെൻറയും ബന്ധുക്കളുടെയും പീഡനം, അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, മറ്റ് ഉപദ്രവങ്ങൾ എന്നിവയടക്കമുള്ള കേസുകളാണ് ഏറെയും.
വനിത കമീഷൻ പുറത്തുവിട്ട് ജില്ലയിലെ 10 വർഷത്തെ കണക്കിലും ഗാർഹികപീഡനം വർധിച്ചതായി പറയുന്നുണ്ട്. സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് 617 പരാതികളാണുള്ളത്. ഇതിൽ സ്ത്രീധനപീഡനം -81, ഭർതൃപീഡനം -33, ഗാർഹികപീഡനം -447 എന്നിങ്ങനെയാണ്. കമീഷൻ ഇടപെട്ട് തീർപ്പാക്കിയ 427 സ്ത്രീപീഡനക്കേസുകളുണ്ട്. സ്ത്രീധന പീഡനം -61, ഭർതൃപീഡനം -23, ഗാർഹികപീഡനം -372 എന്നിങ്ങനെയാണത്.
കോവിഡ് ഒന്നാംതരംഗത്തിലും രണ്ടാംതരംഗത്തിലും സ്ത്രീകൾക്കെതിരായ അതിക്രമം കൂടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് തടയാൻ സംസ്ഥാന സർക്കാറും വനിത കമീഷനും അടക്കമുള്ള വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. കോവിഡ് രണ്ടാംതരംഗത്തിൽ വീടുകളിൽ കുടുംബപ്രശ്നങ്ങൾ നേരിടുന്നവർക്ക് ജില്ല പൊലീസിൽ പ്രത്യേകമായി കുടുംബ പ്രശ്നപരിഹാര സെൽ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്്. കുടുംബബന്ധങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നവർ പ്രശ്നപരിഹാരത്തിനായി വനിത സെല്ലിലേക്കാണ് വിളിക്കേണ്ടത്. ഫോണ്‍: 0477 2237848, ഇ-മെയിൽ: ciwmncelalpy.pol.ker.in മുഖേനയും പരാതി നൽകാം.
ദിവസവും ലഭിക്കുന്ന ഇത്തരം പരാതികളിൽ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേരുന്ന ജില്ലതല അവലോകനയോഗത്തിൽ നടപടികൾ സ്വീകരിക്കും. ഇതിനൊപ്പം വനിത സെല്ലുമായി ബന്ധപ്പെട്ട് ഡൊമസ്റ്റിക് കോൺഫ്ലിക്ട് െറസലൂഷൻ സെൻറർ അഥവാ ഡി.സി.ആർ.സികളുമുണ്ട്. കഴിഞ്ഞ ലോക്ഡൗൺകാലത്തും ഇത്തരം സമിതികൾ രൂപവത്കരിച്ചിരുന്നു. പൊലീസിലടക്കം ലഭിക്കുന്ന പരാതികൾ ഇവിടെ കൈകാര്യം ചെയ്യും. പ്രാഥമികമായി പരാതി പരിഹാരത്തിനും അനുരഞ്ജന മാർഗങ്ങൾക്കും മുൻഗണന നൽകും. ഇതിനായി വിദഗ്ധ പരിശീലനം ലഭിച്ച കൗൺസിലർമാരെയും നിയോഗിച്ചിട്ടുണ്ട്. 2021 ജനുവരിയിൽ 457 ഗാർഹികപീഡന കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏപ്രിലിൽ 602 ആയി കൂടി. കേരള പൊലീസിെൻറ ഔദ്യോഗിക വെബ്സൈറ്റിലെ വിവരമനുസരിച്ച് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളുടെ 4,707 കേസാണ് 2021ൽ ഏപ്രിൽവരെ രജിസ്റ്റർ ചെയ്തത്.
സ്ത്രീധനപരാതികളും ഗാർഹിക പീഡനങ്ങളും അറിയിക്കാൻ പൊലീസ് ആരംഭിച്ച ഓൺലൈൻ സംവിധാനമാണ് അപരാജിത. സ്റ്റേറ്റ് നോഡൽ ഓഫിസറുടെ നമ്പർ: 9497999955. ഇ-മെയിൽ: aparajitha.pol@kerala.gov.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.