പാലേരി: ചങ്ങരോത്ത് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ജൽ ജീവൻ മിഷന്റെ പൈപ്പ് സ്ഥാപിച്ച് കുഴി വേണ്ട വിധത്തിൽ മൂടാത്തതിനാൽ അപകടങ്ങൾ നിത്യസംഭവമാവുന്നു. കുറ്റ്യാടി - പേരാമ്പ്ര സംസ്ഥാന പാതയിലും കടിയങ്ങാട് - പെരുവണ്ണാമൂഴി റോഡിലുമാണ് അപകടമുണ്ടായത്. രണ്ട് ദിവസത്തിനിടയിൽ നാല് ലോറികളാണ് കുഴിയിൽ താഴ്ന്നത്.
കോഴിക്കോട്നിന്ന് ചില്ല് കയറ്റി വന്ന ലോറി കടിയങ്ങാട് ടൗണിലും ആന്ധ്രയിൽനിന്ന് അരിയുമായി വന്ന ലോറി പെരുവണ്ണാമൂഴി റോഡിലുമാണ് കഴിഞ്ഞ ദിവസം താഴ്ന്നത്. തടിയുമായി ഫറോക്കിലേക്ക് പുറപ്പെട്ട വണ്ടി പൂവ്വത്തിൻചുവട്ടിലും അപകടത്തിൽപെട്ടു.
രണ്ടേ ആറിലും സമാന രീതിയിൽ അപകടം നടന്നു. പിന്നിൽനിന്ന് വന്ന വാഹനത്തിന് മറികടക്കാൻ അവസരം കൊടുക്കുമ്പോഴാണ് ലോറികൾ റോഡരികിലെ കിടങ്ങുകളിൽ താഴ്ന്നു പോകുന്നത്. നാല് വാഹനങ്ങളും അപകടത്തിൽപെട്ടത് ഒരു കിലോമീറ്റർ പരിധിയിൽപെട്ട സ്ഥലത്താണ്. പേരാമ്പ്രയിൽനിന്ന് ഫയർ ഫോഴ്സ്, പൊലീസ് സ്ഥലത്തെത്തി മണ്ണുമാന്തി, ക്രെയിൻ മറ്റും ഉപയോഗിച്ചാണ് ലോറികൾ കയറ്റിയത്. പൈപ്പ് സ്ഥാപിച്ച കിടങ്ങുകൾ മൂടിയ മണ്ണ് മഴയിൽ ഒലിച്ചു പോയതാണ് അപകടങ്ങൾക്ക് കാരണം. ഇനി അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ അധികൃതർ റോഡരികിൽ റിബൺ കെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.