അമൃത് ടവർ ഉദ്ഘാടനം ചെയ്തു

കാക്കനാട്: കേരളത്തിന്‍റെ ഐ.ടി തലസ്ഥാനമായ കാക്കനാടിന് പൊൻതൂവലായി അമൃത് ടവർ. കൊച്ചി​ പ്രത്യേക സാമ്പത്തിക മേഖലയിലാണ് പൂർണമായും ഐ.ടി അനുബന്ധ വ്യവസായങ്ങൾക്ക് മാത്രമുള്ള ഐ.ടി ഹബ് ആയ അമൃത് ടവർ ആരംഭിച്ചത്. കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സി.എസ്.ഇ.ഇസഡ് അതോറിറ്റിയാണ് ഇൻവെസ്റ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി 1,83,000 ചതുരശ്ര അടിയുള്ള കെട്ടിടം നിർമിച്ചത്. ഊരാളുങ്കൽ സൊസൈറ്റിക്കായിരുന്നു നിർമാണച്ചുമതല. ഇൻഫോപാർക്കിനും സ്മാർട്ട് സിറ്റിക്കും പുറമെ അമൃത് ടവർ കൂടി വരുന്നതോടെ ഐ.ടി മേഖലയിൽ കൊച്ചിയുടെ കുതിപ്പിന് കൂടുതൽ വേഗം കൈവരിക്കും. റിവേഴ്സ് ഓസ്മോസിസ് കുടിവെള്ളം ശുദ്ധീകരിക്കാനുള്ള ട്രീറ്റ്മെന്‍റ്​ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വ്യവസായ സ്ഥാപനങ്ങളിൽനിന്നുള്ള മലിനജലം കുടിവെള്ളമാക്കി മാറ്റുന്ന പ്രക്രിയയാണിത്. ഇത്തരത്തിൽ ദിവസേന 10 ലക്ഷം ലിറ്റർ മലിനജലം കുടിവെള്ളമാക്കി മാറ്റാൻ കഴിയുമെന്നും ഇത് ജലദൗർലഭ്യം പരിഹരിക്കാൻ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. കാക്കനാട്ട്​ നടന്ന ചടങ്ങിൽ ഡെവലപ്മെന്‍റ്​ കമീഷണർ ഡി.വി. സ്വാമി, സി.ഇ.പി.ഇസഡ് പ്രസിഡന്‍റ്​ കെ.കെ. പിള്ള തുടങ്ങിയവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ചായിരുന്നു കെട്ടിടത്തിന് അമൃത് ടവർ എന്ന് പേരിട്ടത്. ഫോട്ടോ : കാക്കനാട്ട്​ നിർമിച്ച അമൃത ടവറിന്‍റെ ഉദ്ഘാടനം കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.