കപ്പൽ ജീവന​ക്കാരനെ കാണാതായ സംഭവം: കേന്ദ്രസർക്കാറിനോട്​ വിശദീകരണംതേടി

കൊച്ചി: കപ്പൽ ജീവനക്കാരനായ മകനെ ടുനീഷ്യൻ സമുദ്രാതിർത്തിയിൽ​ കാണാതായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്​ പിതാവ് നൽകിയ ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറിന്‍റെ വിശദീകരണം തേടി. എം.വി എഫിഷ്യൻസി ഒ.എൽ എന്ന പനാമ കപ്പലിലെ സീമാനായ ആറ്റിങ്ങൽ മാമം സ്വദേശി അർജുനെ കാണാതായത്​ ചൂണ്ടിക്കാട്ടി പിതാവ്​ രവീന്ദ്രൻ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ പി. ഗോപിനാഥിന്‍റെ ഉത്തരവ്​. സംഭവത്തിൽ ഇതുവരെ എന്തു നടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. മാർച്ച് 18നാണ് അർജുൻ തുർക്കിയിലെ ഇസ്തംബുൾ തുറമുഖത്തുനിന്ന്​ കപ്പലിൽ ജോലിക്ക്​ കയറിയത്. മഹാരാഷ്ട്രയിലെ താന ആസ്ഥാനമായുള്ള സിനസ്ത മാരിടൈം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഖേനയാണ് റിക്രൂട്ട് ചെയ്തത്. കപ്പലിലെ ബോസൺ പദവിയിലുള്ള ഉദ്യോഗസ്ഥൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതായി അർജുൻ വീട്ടിലേക്ക് വിളിച്ചപ്പോഴൊക്കെ പരാതിപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ ഏപ്രിൽ 20ന്​ വിളിച്ചപ്പോൾ ഉപദ്രവം സഹിക്കാനാവുന്നില്ലെന്നും മേലുദ്യോഗസ്ഥരോടു പരാതി പറയാൻ ഒരുങ്ങുകയാണെന്നും അർജുൻ പറഞ്ഞു. പിന്നീട് ഏപ്രിൽ 27ന് രാവിലെ ഒമ്പതോടെ അർജുനെ കപ്പലിൽനിന്ന് കാണാതായെന്ന് സിനസ്ത മാരിടൈം കമ്പനി അധികൃതർ ഫോണിൽ വിളിച്ച് അറിയിച്ചെന്നും അടൂർ പ്രകാശ് എം.പി വഴി കേന്ദ്രസർക്കാറിന് പരാതി നൽകിയെന്നും ഹരജിയിൽ പറയുന്നു. എൻജിൻ റൂമിലുണ്ടായിരുന്ന അർജുനെ രാവിലെ ഒമ്പതിന്​ കാണാതായതിനൊപ്പം ഒരു ലൈഫ് ജാക്കറ്റും നഷ്ടപ്പെട്ടതായി കപ്പലിലെ മാസ്റ്റർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്​. തന്റെ മകൻ നീന്തൽ വിദഗ്‌ധനല്ലെന്നും കടലിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിക്കില്ലെന്നും ഹരജിയിൽ വ്യക്തമാക്കുന്നു. കപ്പൽ ഇപ്പോൾ ടുനീഷ്യൻ തുറമുഖത്താണുള്ളത്. ഇവിടെനിന്ന് കപ്പൽ പോകുന്നതിനുമുമ്പ് സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ടുനീഷ്യയോട്​ ആവശ്യപ്പെടാൻ കേന്ദ്രസർക്കാറിന്​ നിർദേശം നൽകണമെന്നാണ്​ ഹരജിയിലെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.