കൗൺസിലർക്കെതിരായ പൊലീസ് കേസ്; കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം

പെരുമ്പാവൂര്‍: മുനിസിപ്പല്‍ കൗൺസിലർ വീട്ടമ്മയെ അപമാനിച്ച വിഷയം സംബന്ധിച്ച ചര്‍ച്ചക്കിടെ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റവും ബഹളവും. 23ാം വാര്‍ഡ് കൗൺസിലര്‍ പി.എസ്. അഭിലാഷ് പണം കൊടുക്കാനുള്ള സ്ത്രീയെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത കേസില്‍ പൊലീസ് കേസെടുത്ത വിഷയമാണ് തിങ്കളാഴ്ച ചേര്‍ന്ന യോഗം ഒന്നര മണിക്കൂറോളം ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസിലെ ബീവി അബൂബക്കറാണ് വിഷയം അവതരിപ്പിച്ചത്. സ്ത്രീക്ക് മുന്തിയ പരിഗണന സാധ്യമായ കാലഘട്ടത്തില്‍ കൗണ്‍സിലറുടെ ഭാഗത്തുനിന്നുണ്ടായ നടപടി നിര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വിഷയം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ തയാറാക്കിയ പദ്ധതിയാണെന്നായിരുന്നു സി.പി.എം അംഗങ്ങളുടെ വാദം. സംഭവം നടന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ അറസ്റ്റ് വൈകുന്നത് ഭരണസ്വാധീനത്തിന് തെളിവാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. സിപി.എം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ അഭിലാഷിനെ പാര്‍ട്ടിയും പൊലീസും സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. അഭിലാഷിനെതിരെ ബി.ജെ.പി അംഗങ്ങളും പ്രതിഷേധമുയര്‍ത്തി. ഇതിനിടെ അഭിലാഷ് അംഗമായ പെരുമ്പാവൂര്‍ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് പ്രശ്‌നം ചര്‍ച്ച ചെയ്തു. കൗൺസിലർക്കെതിരെ കടുത്ത നടപടിവന്നേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ് അഭിലാഷിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ബുധനാഴ്ച പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താനും തീരുമാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.