ആലങ്ങാട്: തിരുവാല്ലൂരിൽ പണി പൂർത്തിയായ ആരോഗ്യവകുപ്പിെൻറ പുതിയ പി.എച്ച്.സി കെട്ടിടത്തിൽ ചികിത്സ തുടങ്ങാത്തതിൽ പ്രതിഷേധം വ്യാപകം. കോവിഡ് രൂക്ഷമായിട്ടും ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച കെട്ടിടം നോക്കുകുത്തിയായി തുടരുകയാണ്. പഞ്ചായത്ത് ഒമ്പതാം വാർഡിൽ പുതുതായി കെട്ടിടം നിർമിക്കുകയായിരുന്നു.
നിർമാണത്തിന് മുന്നോടിയായി ഹെൽത്ത് സെൻറർ താൽക്കാലികമായി തിരുവാലൂർ ക്ഷേത്രത്തിന് സമീപത്തെ ഒറ്റമുറിയിലേക്ക് പ്രവർത്തനം മാറ്റിയിരുന്നു. ഇപ്പോഴും ഇൗ ഒറ്റമുറിയിലാണ് പ്രവർത്തനം. ഇവിടെ വേണ്ടത്ര സൗകര്യം ഇല്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. മുൻകാലങ്ങളിൽ പരിശോധനയും മറ്റു ചികിത്സയും ഉണ്ടായിരുന്ന ആരോഗ്യ ഉപകേന്ദ്രത്തിൽ കുറച്ച് നാളുകളായി ഒരു സേവനവുമില്ല. മുൻ എം.എൽ.എ വി.കെ. ഇബ്രാഹീംകുഞ്ഞിെൻറ ആസ്തിവികസന ഫണ്ടിൽനിന്ന് 43.8 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം പൂർത്തിയാക്കിയത്.
കഴിഞ്ഞ ഫെബ്രുവരിയിൽ ഈ സെൻററിെൻറ ഉദ്ഘാടനവും അദ്ദേഹം തന്നെ നിർവഹിച്ചിരുന്നു. പട്ടികജാതി-വർഗ വിഭാഗങ്ങളുടേതടക്കം ഒട്ടേറെ കോളനികൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഹെൽത്ത് സെൻറർ കാര്യക്ഷമമായി പ്രവർത്തിക്കാത്തതിനാൽ ചെറിയ അസുഖങ്ങൾക്കുപോലും അകലെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുകയാണ്.
കരിങ്ങാംതുരുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽനിന്നാണ് ഈ പ്രൈമറി ഹെൽത്ത് സെൻററിലേക്ക് നഴ്സുമാരുടെ സേവനം നൽകുന്നത്.
ഗ്രാമീണ മേഖലയായ ആലങ്ങാട്, തിരുവാലൂർ, കുന്നേൽ, കുണ്ടേലി, ചേർത്തനാട് എന്നീ സ്ഥലങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഈ പ്രൈമറി ഹെൽത്ത് സെൻറർ വളരെ ആശ്വാസമായിരുന്നു.
ആധുനിക സൗകര്യങ്ങളോട് കൂടി ഇരുനിലയിലായി പണിപൂർത്തിയാക്കിയ കെട്ടിടം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് ആൻറിജൻ ടെസ്റ്റുകൾ ഉൾപ്പെടെ നടത്തുന്നത് തിരുവാലൂർ എൽ.പി സ്കൂളിലാണെന്നും ഇത് ആരോഗ്യവകുപ്പിെൻറ അനാസ്ഥയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.