ചെറായി: നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തിയതോടെ ചെറായി ബീച്ചിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ
കടൽത്തീരത്തെത്തുന്ന വിനോദ സഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. എല്ലാ കാലവർഷത്തിലും സംഭവിക്കുന്നത് പോലെ ഇത്തവണയും തീരം കടലെടുത്തു. 500 മീറ്ററോളം നീളം വരുന്ന നടപ്പാതയോടു ചേർന്നുളള തീരം പൂർണമായും അപ്രത്യക്ഷമായി. സാധാരണ മഴക്കാലം കഴിയുന്നതോടുകൂടി തീരം പുനഃസ്ഥാപിക്കപ്പെടാറുണ്ട്. എന്നാൽ ഇത്തവണ കരിങ്കല്ലുകളാണ് ഇവിടെ ഉയർന്നുനിൽക്കുന്നത്.
തീരമില്ലാത്തതിനാൽ കടൽവെള്ളത്തിൽ ഇറങ്ങി നടക്കാനും ഉല്ലസിച്ച് കുളിക്കാനും ഇപ്പോഴാവില്ല. തുടർച്ചയായ കടൽക്ഷോഭത്തെത്തുടർന്നാണ് ബീച്ചിലെ നടപ്പാത വരെയുള്ള ഭാഗത്തെ മണൽ ഒലിച്ചുപോയത്. ടെട്രാേപാഡുകൾ നിർമിച്ച് തീരസംരക്ഷണം ഉറപ്പാക്കുകയും, ഈ ഭാഗത്ത് പുതിയ തീരം രൂപപ്പെടുന്നതിന് സാഹചര്യം ഒരുക്കണമെന്നുമാണ് പരിസരവാസികളുടെ ആവശ്യം.
ബീച്ച് റോഡിലെ നടപ്പാതയുടെ കരിങ്കൽക്കെട്ട് ഇടിഞ്ഞതിനെ തുടർന്ന് ടൈലുകൾ ഇളകിയ നിലയിലാണ്. ഇരുവശവും പുൽക്കൂട്ടം നിറഞ്ഞിരിക്കുന്നതിനാൽ യാത്രക്കാർക്ക് ഇതിലൂടെ നടക്കാനുമാകുന്നില്ല. പ്രായം ചെന്നവർക്കിരിക്കാനുള്ള ഇരിപ്പിട സൗകര്യങ്ങൾ നിലവിൽ ഇല്ല. പുതുതായി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകൾ കടൽ ക്ഷോഭത്തിൽ നശിച്ചു പോയിരുന്നു. വെളിച്ചത്തിന് വേണ്ടത്ര സംവിധാനവും ഇപ്പോൾ ഇല്ല. പുതുതായി സ്ഥാപിച്ച കാമറകളും പ്രവർത്തന രഹിതമായി. ബീച്ച് റോഡിെൻറ ഇരുവശത്തെയും പുൽക്കൂട്ടമാണ് സന്ദർശകരെ വലയ്ക്കുന്ന മറ്റൊരു പ്രശ്നം. ലോക്ഡൗൺ സമയത്തും മറ്റുമായി വാഹനസഞ്ചാരം തീരെ കുറഞ്ഞതിനെത്തുടർന്നാണ് വലിയതോതിൽ ചെടിപടർപ്പുകൾ രൂപപ്പെട്ടത്. വഴിവിളക്കുകൾ കത്താത്തത് രാത്രി അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.