പാറക്കടവ്: കാലങ്ങളുടെ മുറവിളികൾക്കൊടുവിൽ ചാലക്കുടിയാറുമായി ബന്ധപ്പെട്ട പാറക്കടവ് പഞ്ചായത്തിലെ എളവൂർ -പാലുപ്പുഴ പാലം പി.എം.ജി പദ്ധതിയിൽപെടുത്തി നിർമിക്കുന്നതിന്റെ മുന്നോടിയായി സാധ്യതാപഠനം നടത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. പാലം യാഥാർഥ്യമായാൽ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഗുരുവായൂർ, ചാവക്കാട്, മാള, അന്നമനട, കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് എളുപ്പത്തിലെത്തിച്ചേരാൻ സഹായകമാകും.
കൊടുങ്ങല്ലൂർ, ചാലക്കുടി, അങ്കമാലി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കാനും കൊച്ചി രാജപാത പ്രയോജനപ്പെടുത്തി എറണാകുളം പ്രദേശത്തുനിന്ന് വരുന്നവർക്ക് മാള കൊടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ എളുപ്പത്തിലെത്താനും പാലുപ്പുഴ പാലം പ്രയോജനമാകും. സമീപ പ്രദേശങ്ങളിലെ വികസനങ്ങൾക്കും പദ്ധതികൾക്കും പാലം വഴിയൊരുക്കുമെന്നുമാണ് പ്രതീക്ഷ.
കാലങ്ങളായി നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യമാണ് പാലുപ്പുഴ പാലം. പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി പാലം നിർമിക്കണമെന്ന ആവശ്യം ബെന്നി ബഹനാൻ എം.പിയാണ് ഉന്നയിച്ചത്. അതിന്റെ ഭാഗമായാണ് പി.എം.ജി.എസ്.വൈ എക്സിക്യൂട്ടിവ് എൻജിനീയർ കെ.ടി. സാജന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സാധ്യതാപഠന സംഘം ചാലക്കുടിയാറിലൂടെ സഞ്ചരിച്ച് സ്ഥലപരിശോധനയും സാധ്യത പഠനവും നടത്തിയത്. പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, മുൻ പഞ്ചായത്ത് പ്രസിഡൻറ് പൗലോസ് കല്ലറക്കൽ എന്നിവരും ഉദ്യോഗസ്ഥ സംഘത്തിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.