കീഴ്മാട്: സ്വന്തം മക്കളെ അതേ സ്കൂളിൽ പഠിപ്പിച്ച് മാതൃകയാവുകയാണ് വടക്കേ ഏഴിപ്രം ഗവ. യു.പി സ്കൂളിലെ അധ്യാപകർ. സർക്കാർ അധ്യാപകരുടെയും ജീവനക്കാരുടെയും മക്കളെ സ്വകാര്യ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് അധ്യാപകർ തങ്ങളുടെ മക്കളെ സർക്കാർ സ്കൂളിൽ പഠിപ്പിച്ച് മാതൃകയാവുന്നത്. 2008ൽ 130 കുട്ടികൾ മാത്രമുണ്ടായിരുന്ന സ്കൂൾ ഇന്ന് 450 വിദ്യാർഥികളുള്ള സ്കൂളായി വളർന്നതിൽ ഈ മാതൃകക്കും പങ്കുണ്ട്. ഈ സ്കൂളിലെ എല്ലാ അധ്യാപകരും മറ്റു വിദ്യാർഥികളെ സ്കൂളിലേക്ക് ക്ഷണിക്കാൻ മുന്നിട്ടിറങ്ങുന്നവരാണ്.
തങ്ങളുടെ മക്കളെ സർക്കാർ വിദ്യാലയത്തിൽ പഠിപ്പിക്കുന്നതുകൊണ്ട് സധൈര്യത്തോടെ ഇവർക്ക് മറ്റ് വിദ്യാർഥികളെ സ്കൂളിലേക്ക് ക്ഷണിക്കാനാവുന്നു. പൊതുവിദ്യാലയങ്ങളിലേക്ക് എണ്ണം തികക്കാൻ കുട്ടികളെ തേടി നടക്കുന്ന അധ്യാപകർ സ്വന്തം മക്കളെ പഠിപ്പിക്കുന്നത് സ്വകാര്യ വിദ്യാലയങ്ങളിൽ എന്ന വിമർശനം പൊതുജനങ്ങളിൽനിന്ന് ഉയരുന്നതിനിടെയാണ് ഈ അധ്യാപകർ മറ്റുള്ളവർക്ക് മാതൃകയാകുന്നത്. പ്രീ പ്രൈമറി മുതൽ ഏഴ് വരെ ക്ലാസുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഇവിടെ പഠിപ്പിക്കുന്ന 17 അധ്യാപകരിൽ എട്ടുപേരും സ്വന്തം മക്കളെ ഇതേ സ്കൂളിൽ പഠിപ്പിക്കുന്നു. ഇതേ സ്കൂളിൽനിന്ന് പഠിച്ചുപോയ കുട്ടികളും ഉണ്ട്. അടുത്ത വർഷം 50ാം വാർഷികം ആഘോഷിക്കുകയാണ് വടക്കേ എഴിപ്രം യു.പി സ്കൂൾ. ജില്ലയിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളിലൊന്നാണ് ഈ സ്കൂൾ. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ എല്ലാ വർഷവും മികച്ച വിജയം നേടുന്നു. യുവജനോത്സവങ്ങൾ, ശാസ്ത്രമേളകൾ, കായിക മേളകൾ, മറ്റു വിജ്ഞാന പരീക്ഷകൾ എന്നിവയിലെല്ലാം മികച്ച നിലവാരം പുലർത്തുന്ന സ്കൂൾ കൂടിയാണ് നോർത്ത് എഴിപ്രം ഗവ. യു.പി സ്കൂൾ. അതുകൊണ്ട് ഓരോ വർഷവും പുതുതായി സ്കൂളിൽ പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണവും വർധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.