കൊച്ചി: പരിശോധന കർക്കശമാകുമ്പോഴും ജില്ലയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിപണനം വ്യാപകം. നിയമവിരുദ്ധ പുകയില ഉപയോഗങ്ങൾക്കെതിരെ പൊലീസും എക്സൈസും നടപടികൾ ശക്തമാക്കുമ്പോഴാണ് പാൻപരാഗ്, ഹാൻസ് ഉൾെപ്പടെയുള്ള വിവിധ ഉൽപന്നങ്ങളുടെ ഉപയോഗം വ്യാപകമാകുന്നത്. ഗ്രാമ - നഗര വ്യത്യാസമില്ലാതെ ഇത്തരം ഉൽപന്നങ്ങൾ വ്യാപകമാണെന്നാണ് പുറത്ത് വരുന്ന വിവരം. അന്തർസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവോടെ ഇത്തരം ഉൽപന്നങ്ങൾക്ക് ആവശ്യക്കാരേറിയിട്ടുണ്ട്. കേരളത്തിനുപുറത്ത് നിന്ന് ചെറിയ വിലയിൽ വാങ്ങുന്ന ഉൽപന്നങ്ങൾ ഇവിടെ അഞ്ചും ആറുമിരട്ടി തുകക്കാണ് വിൽക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇവ നിയന്ത്രിക്കാൻ സ്വീകരിക്കുന്ന നടപടികൾ ഫലപ്രദമല്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
ജില്ലയിൽ പിടികൂടിയത് രണ്ടര ടൺ ഉൽപന്നങ്ങൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ പിടികൂടിയത് 2427 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ്. ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിൽനിന്നും ഇവ പിടിച്ചെടുത്തിട്ടുണ്ട്. ഏറ്റവും കൂടുതൽ പിടികൂടിയത് കഴിഞ്ഞ ജൂണിലാണ്. 1446 കിലോയാണ് ആ മാസം പിടികൂടിയത്. വിവിധ കടകളിൽനിന്നും വാഹനങ്ങളിൽനിന്നുമാണ് വൻതോതിൽ ഇവ പിടിച്ചെടുത്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപങ്ങളിൽനിന്നുപോലും പിടിച്ചതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ, ജില്ലയിലേക്കെത്തുന്ന നിരോധിത ഉൽപന്നങ്ങളുടെ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഇതാകുന്നുള്ളൂ എന്നാണ് ഉദ്യോഗസ്ഥർതന്നെ വ്യക്തമാക്കുന്നത്. ബാക്കിയുള്ളവ വിവിധ കേന്ദ്രങ്ങളിൽ വിറ്റഴിക്കപ്പെടുകയാണ്.
കോട്പ ആക്ട്; രജിസ്റ്റർ ചെയ്തത് 7363 കേസ്
നിയമവിരുദ്ധ പുകയില വിപണനം അടക്കമുള്ളവക്കെതിരെ നടപടി സ്വീകരിക്കുന്ന കോട്പ ആക്ട് പ്രകാരം ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്തത് 7363 കേസാണ്.
14,70,810 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. നിരോധിത പുകയില ഉൽപന്നങ്ങൾ വിറ്റതിനും പെതുസ്ഥലത്ത് പുകവലിച്ചതിനും അടക്കമാണ് കേസുകളും പിഴയും ഈടാക്കിയിരിക്കുന്നത്. ഇതോടൊപ്പം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളും പിടികൂടിയ നിരോധിത ഉൽപന്നങ്ങളും ചേർക്കുമ്പോൾ ഇതിന്റെ ഇരട്ടിയിലധികം വരും.
കടുത്ത ശിക്ഷയില്ലാത്തത് വിന
നിരോധിത പുകയില ഉൽപന്നങ്ങൾ വിപണനം നടത്തിയാലും പിടികൂടിയാലും കടുത്ത ശിക്ഷയില്ലാത്തത് പ്രതികൾക്ക് വളമാകുകയാണ്. ഇത്തരം ഉൽപന്നം ഒരു പാക്കറ്റ് വിറ്റാലും ഒരു കിലോ വിറ്റാലും സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട്സ് ആക്ട് പ്രകാരം ലഭിക്കുന്ന പിഴ ശിക്ഷ നാമമാത്രമാണ്. ഇതുമൂലം പലയിടങ്ങളിലും ഇത്തരം കേസുകളിൽ പിടിക്കപ്പെടുന്നവർ തന്നെയാണ് വീണ്ടും കുറ്റം ആവർത്തിക്കുന്നത്.
കഞ്ചാവിന്റെ കാര്യത്തിലും ഈ ഇളവ് കുറ്റവാളികൾ മുതലെടുക്കുന്നുണ്ട്. ഇത് ഒരു കിലോക്ക് മുകളിലുെണ്ടങ്കിലേ വാണിജ്യ അളവാകൂ എന്നാണ് നിയമം. നിരോധിത പുകയില ഉൽപന്ന വിൽപനക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിയെന്ന ആവശ്യവും നടപ്പായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.