മട്ടാഞ്ചേരി: ഹൈകോടതി വിധി ഫലംകണ്ടുതുടങ്ങി; മട്ടാഞ്ചേരി ജല മെട്രോ ടെർമിനൽ നിർമാണം കൗണ്ട്ഡൗൺ ബോർഡ് സ്ഥാപിച്ച് വേഗത്തിലാക്കി അധികൃതർ. നാട്ടുകാർക്ക് ഓണസമ്മാനമായി മട്ടാഞ്ചേരി ടെർമിനൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആർ.എൽ. ജല മെട്രോ പദ്ധതിയുടെ ആദ്യഘട്ടത്തിൽ നിർമാണം ആരംഭിച്ചതാണ് മട്ടാഞ്ചേരി ടെർമിനൽ.
പദ്ധതി പ്രകാരം ആദ്യഘട്ടത്തിൽ നിർമാണം പൂർത്തീകരിക്കുന്ന ആദ്യ ജെട്ടികളിൽ ഒന്നായിരിക്കും മട്ടാഞ്ചേരി ടെർമിനൽ എന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ, വിവിധ കേന്ദ്രങ്ങളിൽ ടെർമിനലുകൾ പൂർത്തീകരിച്ച് സർവിസുകൾ നടന്നിട്ടും മട്ടാഞ്ചേരിയിൽ നിർമാണം തുടങ്ങിയിടത്ത് തന്നെയായിരുന്നു. കരാറുകാരൻ തുകയുമായി ‘മുങ്ങി’യതാണ് ആദ്യം പ്രശ്നമായത്. വീണ്ടും വിവിധ കാരണങ്ങളാൽ പദ്ധതി ഏതാണ്ട് നിലച്ച മട്ടായിരുന്നു. ജനകീയ സമരങ്ങൾ പലതും നടന്നെങ്കിലും ഒന്നും ഫലംകണ്ടില്ല.
ഇതേതുടർന്നാണ് ടി.കെ. അഷ്റഫ്, ജുനൈദ് സുലൈമാൻ, പ്രവീൺ ചന്ദ്രൻ എന്നിവർ ചേർന്ന് ഹൈകോടതിയെ സമീപിച്ചത്. 2023 സെപ്റ്റംബർ 20ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ടെർമിനൽ ഒരുവർഷത്തിനകം നിർമാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്നുകൊടുക്കണമെന്ന് ഉത്തരവിട്ടു. മൂന്നുമാസം ടെൻഡർ നടപടിക്കും ഒമ്പതുമാസം നിർമാണത്തിനുമെന്ന നിർദേശമാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
ഹൈകോടതിയുടെ ഈ ഉത്തരവിന്റെകൂടി പശ്ചാത്തലത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ കൗണ്ട്ഡൗൺ ബോർഡുമായി ഊർജിതമാക്കിയിരിക്കുന്നത്. അതുപ്രകാരം സെപ്റ്റംബർ 19നകം നിർമാണം പൂർത്തീകരിക്കണം. ഏതായാലും വിധി കുറിക്കുകൊണ്ടു. പുതിയ കരാറുകാരനായി, നിർമാണവും ധൃതഗതിയിലായി. സെപ്റ്റംബർ നാലിന് നിർമാണം പൂർത്തീകരിക്കാനാണ് കൗണ്ട്ഡൗൺ ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.