കൊച്ചിൻ യൂനിവേഴ്സിറ്റി കോളനി സി.പി.എം ബ്രാഞ്ച് ഒരുക്കിയ അവശ്യ ഭക്ഷ്യസാധന കേന്ദ്രം

കാഷ്യറും പണപ്പെട്ടിയുമില്ലാത്ത പലചരക്ക് കടയുമായി സി.പി.എം

കളമശ്ശേരി: ലോക് ഡൗണിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് സൗജന്യ നിത്യോപയോഗ സാധനങ്ങളുടെ കടയുമായി സി.പി.എം പ്രവർത്തകർ. കളമശ്ശേരി യൂനിവേഴ്​സിറ്റി കോളനിയിൽ ആരംഭിച്ച കാഷ്യറും പണപ്പെട്ടിയുമില്ലാത്ത പലചരക്ക് കടയാണ് പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്നത്. കോളനിയിൽ റേഷൻകട കവലയിൽ പ്രത്യേകം തയാറാക്കിയ സ്​റ്റാളിലാണ് കട. ആവശ്യമുള്ളവർക്ക് സാധനങ്ങൾ എടുക്കാം.

സ്​റ്റാളിൽ അരി, കറിപ്പൊടികൾ, തേയില, പഞ്ചസാര, ചെറുപയർ, കടല, പരിപ്പ്, വെളിച്ചെണ്ണ, പാമോയിൽ, സവാള, ഉരുളക്കിഴങ്ങ്, ആട്ട, മൈദ, സേമിയ, മുട്ട, പാൽ, പച്ചക്കറിയിനങ്ങൾ, ചക്ക, മാങ്ങ, സോപ്പ് തുടങ്ങിയ എല്ലാവിധ അവശ്യസാധനങ്ങളും പായ്ക്ക് ചെയ്ത് വെച്ചിരുന്നു.

75 ഓളം കുടുംബങ്ങൾ ഞായറാഴ്ച ഈ സേവനം ഉപയോഗപ്പെടുത്തി. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ തിങ്കളാഴ്ച മുതൽ 20 പേർക്ക് മാത്രമായിരിക്കും സ്​റ്റാളിൽനിന്ന് സാധനങ്ങൾ നൽകുകയെന്ന് ബ്രാഞ്ച് സെക്രട്ടറി കെ.എസ്. സലീം പറഞ്ഞു.

ലോക് ഡൗൺ അവസാനിക്കുന്ന 30 വരെ സ്​റ്റാൾ പ്രവർത്തിപ്പിക്കും. സൗജന്യമായി സാധനങ്ങൾ വേണ്ടാത്തവർക്ക് സാധനങ്ങൾ എടുത്തശേഷം കഴിവിനൊത്ത സംഭാവന നൽകാനും സൗകര്യമുണ്ട്. സെൻറ്​ ജോൺസ് പള്ളി വികാരി ഫാ.ജോഷി പാദുവ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ടി.എ. അസൈനാർ, കെ.ടി. മനോജ്, സലീം പതുവന തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - CPM with grocery store without cashier and cash box

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.