കളമശ്ശേരി: വ്യവസായ കേന്ദ്രമായ കളമശ്ശേരിയിൽ വൻ കാർഷിക മുന്നേറ്റത്തിന് കളമൊരുക്കി ‘കൃഷിക്കൊപ്പം’ പദ്ധതി വിളവെടുപ്പിനൊരുങ്ങുന്നു. കളമശ്ശേരി മണ്ഡലത്തിലെ വിവിധയിടങ്ങളിൽ തരിശിട്ടിരുന്നതുൾപ്പെടെ ആയിരത്തിലധികം ഏക്കറിൽ പുതുതായി കൃഷിയിറക്കാൻ പദ്ധതിയിലൂടെ കഴിഞ്ഞു. അഞ്ഞൂറ് ഏക്കറിലധികം ഭൂമിയിൽ നെൽകൃഷിയും 300 ഏക്കറിൽ പച്ചക്കറിയും 75 ഏക്കറിൽ കൂവ കൃഷിയും തുടങ്ങി.
പ്രസിദ്ധമായിരുന്ന ആലങ്ങാട് ശർക്കരയുടെ ഉൽപാദനം വീണ്ടും ആരംഭിക്കാൻ ലക്ഷ്യമിട്ട് കരിമ്പുകൃഷിയും ആരംഭിച്ചു. പൂകൃഷിയും മത്സ്യകൃഷിയും പദ്ധതിയുടെ ഭാഗമായി തുടങ്ങി. കൃഷി ലാഭകരമാക്കുന്നതിനും കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി മൂല്യവർധിത ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്കരണ സംരംഭങ്ങളും ഇതോടൊപ്പം ഉയർന്ന് വരുന്നുണ്ട്.
കൂവ സംസ്കരണം പ്രധാന ലക്ഷ്യമാക്കി മാഞ്ഞാലി എക്സ്ട്രാറ്റ്സ് പ്രവർത്തനമാരംഭിച്ചു. മാഞ്ഞാലി സർവിസ് സഹകരണ ബാങ്കിന്റെ സംരംഭമാണിത്. വെളിയത്തുനാടും കുന്നുകരയിലും സമാനസംരംഭങ്ങൾപ്രവർത്തിക്കുന്നു. കൃഷിക്കാവശ്യമായ സാമ്പത്തിക പിന്തുണ ഉറപ്പുവരുത്തുന്നതിനായി നബാർഡിന്റെയും കേരള ബാങ്കിന്റെയും ആഭിമുഖ്യത്തിൽ ആവിഷ്കരിച്ച അഗ്രി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഉപയോഗിച്ച് 28 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഇടപ്പള്ളി വടക്കുംഭാഗം സഹകരണബാങ്കിന്റെ നേതൃത്വത്തിൽ, ജൈവ മാലിന്യത്തിൽനിന്ന് ജൈവ വളം നിർമിക്കുന്ന 2 കോടിയുടെ പദ്ധതിയും ഇതിൽ ഉൾപ്പെടും. കളമശ്ശേരി, ഏലൂർ നഗരസഭകൾ, കടുങ്ങല്ലൂർ, കുന്നുകര, ആലങ്ങാട്, കരുമാല്ലൂർ പഞ്ചായത്തുകളുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 17 പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കീഴിലായി രൂപീകരിച്ച 159 കർഷക ഗ്രൂപ്പുകളിലായി 4000ൽഅധികം കർഷകർ പദ്ധതിയുടെ ഭാഗമായി രംഗത്തുണ്ടെന്ന് മണ്ഡലത്തിൽ നടപ്പാക്കി വരുന്ന പദ്ധതികളെക്കുറിച്ച് മന്ത്രി പി. രാജീവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.