അരൂർ: കെൽട്രോൺ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന കെൽട്രോൺ ടൂൾ റൂം റിസർച് ആൻഡ് ട്രെയിനിങ് സെൻറർ (കെൽട്രാക്) കടുത്ത പ്രതിസന്ധിയിൽ. ജീവനക്കാർക്ക് ശമ്പളം നൽകാൻപോലുമാവാത്ത സ്ഥിതിയാണ്.
ഉത്തരവാദിത്തത്തോടെ നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ ഇന്ത്യയിലെ മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി മാറുമായിരുന്ന സ്ഥാപനം ഇന്ന് അവഗണനയിൽ ഇല്ലാതാവുകയാണ്.
2004ൽ പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്തതാണ് കെൽട്രാക്. അരൂർ കെൽട്രോണിെൻറ ഭൂമി, കെട്ടിടം, മെഷിനറി എന്നിവയടക്കമുള്ള 69 ലക്ഷം രൂപക്ക് പുറമെ 14.31 കോടിയുടെ നിക്ഷേപമാണ് സ്ഥാപനത്തിന് സർക്കാർ നൽകിയത്. പുതിയ മെഷീനുകൾ വാങ്ങാൻ 10.06 കോടി മുടക്കിയതിൽ 7.5 കോടി കേന്ദ്രസർക്കാറും ബാക്കി സംസ്ഥാനവും ഗ്രാൻറായി നൽകിയിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിന് 4.25 േകാടിയും ചെലവഴിച്ചിട്ടുണ്ട്.
പ്രധാനമായും തൊഴിലധിഷ്ഠിത വിദ്യാഭ്യാസരംഗത്ത് നൂതന പാത തുറക്കുക എന്ന ലക്ഷ്യത്തോടെ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ്, മാനുഫാക്ചറിങ് ടെക്നോളജി എന്നീ ദീർഘകാല കോഴ്സുകളും മറ്റ് ചില ഹ്രസ്വകാല കോഴ്സുകളും ആരംഭിച്ചു. എ.ഐ.സി.ടി.ഇയും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും അംഗീകരിച്ച നാലുവർഷ കോഴ്സിലേക്ക് പ്രതിവർഷം 120 കുട്ടികൾക്കാണ് പ്രവേശനം നൽകിയിരുന്നത്. വ്യവസായ സാങ്കേതികവിദ്യ സംയോജിപ്പിച്ച് നടത്തുന്ന ഏക പോളിടെക്നിക്കാണിത്.
വിദ്യാർഥികളുടെ പഠനാവശ്യത്തിലേക്ക് തയാറാക്കിയ മെഷീനുകൾ ഉൽപാദന മേഖലക്കും ഉചിതമായ പ്രാധാന്യം നൽകിയതിെൻറ തെളിവാണ്. കൂടാതെ, 30ഓളം പരമ്പരാഗത മെഷിനറികളും സജ്ജീകരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി വി.എസ്.എസ്.സി, എൽ.പി.എസ്.സി, ഭെൽ, ബാർക് തുടങ്ങിയ സ്ഥാപനങ്ങൾക്ക് സങ്കീർണമായ യന്ത്രഭാഗങ്ങൾ നിർമിച്ചുനൽകി സ്ഥാപനത്തിെൻറ നിലനിൽപ്പിനും വളർച്ചക്കും വരുമാനം ഉണ്ടാക്കുക ലക്ഷ്യമായിരുന്നു.
കെൽട്രാക്കിെൻറ പോളിടെക്നിക്കിലും ഇൻഡസ്ട്രിയൽ മേഖലയിലുമായി അധ്യാപകർ ഉൾപ്പെടെ 60ഓളം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇതിൽ നാലുപേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. വർഷത്തിൽ 120 കുട്ടികൾ പ്രകാരം മൂന്ന് ബാച്ചിലായി 360 വിദ്യാർഥികൾ പഠിക്കേണ്ടിടത്ത് നിലവിൽ 120 വിദ്യാർഥികൾ മാത്രമാണ് ഇപ്പോൾ പഠനം നടത്തുന്നത്. സ്ഥാപനത്തിന് സ്ഥിരം ഡയറക്ടറില്ല. മാനേജർ തസ്തിക കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. സ്ഥിരം ജീവനക്കാരിൽ മാനേജർ യോഗ്യതയുള്ള ആരും തന്നെയില്ല. സർക്കാറിെൻറ അടിയന്തരശ്രദ്ധ ഇല്ലെങ്കിൽ മികവുറ്റ വിധത്തിൽ രാജ്യമൊട്ടാകെ അറിയപ്പെടേണ്ട വിദ്യാഭ്യാസ സ്ഥാപനം പ്രതിസന്ധികളിൽ തടഞ്ഞുവീഴുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.