കൊച്ചി: ഡച്ച് മാതൃക പഠിക്കാനുള്ള നെതർലൻഡ് യാത്രക്കും പഠനച്ചെലവിനുമായി ഖജനാവിൽനിന്ന് കോടികൾ ചെലവിട്ട് മൂന്നുവർഷമാകുമ്പോഴും 'റൂം ഫോർ റിവർ' പദ്ധതി കടലാസിൽതന്നെ. സംസ്ഥാനം നേരിട്ട വൻ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും സംഘവും റൂം ഫോർ റിവർ പദ്ധതി മനസ്സിലാക്കാൻ 2019 മേയ് ഒമ്പതുമുതൽ 12 വരെ നെതർലൻഡ് സന്ദർശിച്ചത്.
അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും അടങ്ങുന്ന സംഘം നടത്തിയ പഠനയാത്രക്ക് 20,85,090 രൂപ ഖജനാവിൽനിന്ന് മുടക്കിയെന്ന് വിവരാവകാശ മറുപടിയിൽ പൊതുഭരണ വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കിയിട്ടില്ല. പദ്ധതിയുടെ ഹൈഡ്രോ ഡൈനാമിക് പഠനത്തിന് ചെന്നൈ ഐ.ഐ.ടിയെയാണ് ചുമതലപ്പെടുത്തിയത്.
ഇതിനായി 1.38 കോടിയാണ് ഐ.ഐ.ടി ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇൻലാൻഡ് നാവിഗേഷൻ ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ ഓഫിസിൽനിന്നും പ്രോപ്പർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നു.
ആവശ്യപ്പെട്ട തുകയുടെ 50 ശതമാനവും 18 ശതമാനം ജി.എസ്.ടിയും ഉൾപ്പെടെ 81.42 ലക്ഷം രൂപ ഇതുവരെ കൈമാറി. ഐ.ഐ.ടിയുടെ റിപ്പോർട്ട് ലഭിക്കാത്തതാണ് പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തിന് കാരണമെന്ന് അവർ വിശദീകരിക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് ആവശ്യമായ പഠനങ്ങൾ ചെന്നൈ ഐ.ഐ.ടിയുടെ നേതൃത്വത്തിൽ നടന്നുവരുകയാണ്.
നെതർലൻഡ് സന്ദർശനത്തിൽ മുഖ്യമന്ത്രിയുടെയോ ഉദ്യോഗസ്ഥരുടെയോ ഒപ്പം കുടുംബാംഗങ്ങൾ യാത്ര നടത്തിയിരുന്നോ എന്ന ചോദ്യത്തിന് പൊതുഭരണ വകുപ്പിൽ വിവരം ലഭ്യമല്ലെന്നാണ് മറുപടി. 2019ലെ യാത്രക്കുശേഷം 2020ലും 2021ലും കേരളത്തിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമടക്കം പ്രശ്നങ്ങളായപ്പോൾ നടപടികൾക്കെതിരെ വിമർശനം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.