മരട്: ചതുപ്പില്‍ വീണ വയോധികക്ക് പുതുജീവന്‍ നല്കി അഗ്നിരക്ഷാസേന. മൂന്നു മണിക്കൂറിലധികം കുഴിയില്‍ വീണ് കിടന്ന ശേഷം അതിസാഹസികമായി സമീപത്തെ ഉണങ്ങിയ മരച്ചില്ലയില്‍ പിടിച്ചു തൂങ്ങിക്കിടന്ന് മരണത്തോട് മല്ലിട്ട വയോധികയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താനായത്.
മരട് നഗരസഭ വാര്‍ഡ് 21 ല്‍ തണ്ണാംകൂട്ടുങ്കല് കമലാക്ഷി (76) ആണ് ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ സെൻറ് ആൻറണീസ് റോഡിന് സമീപത്തെ ചതുപ്പിലേക്ക് കാല് വഴുതി വീണത്. കഴുത്തറ്റം ചെളിയില്‍ മുങ്ങിയ കമലാക്ഷി മൂന്നര മണിക്കൂറോളം ചതുപ്പില്‍ കിടന്നു.
സമീപത്ത് താമസിക്കുന്ന സീന എന്ന വീട്ടമ്മ ടെറസില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കാന്‍ ചെല്ലുന്നതിനിടെ ചതുപ്പില്‍ ഒരാളുടെ കൈ അനങ്ങുന്നത് കണ്ട് ബഹളം വെക്കുകയും നാട്ടുകാരെത്തി അഗ്നിശമന സേന അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു.
കെട്ടിടനിര്‍മാണങ്ങള്‍ക്കും മറ്റുമായി പൈലിങ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെളിയാണ് ഈ കുഴിയില്‍ നിക്ഷേപിച്ചിരുന്നത്. ഇത് ശ്രദ്ധിക്കാതെ കമലാക്ഷി വീണതാകാമെന്നാണ് വിലയിരുത്തല്‍. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ റോപ്പ്, സ്ട്രക്ചര്‍, ലാഡര്‍ തുടങ്ങിവയ ഉപയോഗിച്ച് കമാലാക്ഷിയെ കരയ്ക്ക് കയറ്റുകയായിരുന്നു. പ്രാഥമിക ശുശ്രൂഷകള്‍ക്കായി മരടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃപ്പൂണിത്തുറ ഫയര്‍ സ്റ്റേഷന് ഇന്‍ ചാര്‍ജ് പി.കെ. സന്തോഷ്, അസി. സ്റ്റേഷന് ഓഫീസര്‍ ടി. വിനുരാജ്, ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ ബിനോയ് ചന്ദ്രന്, എം.സി. സിന്മോന്, അരുണ്‍ ഐസക്ക്, സി.വി. വിപിന്‍, എസ്. ശ്രീനാഥ്, ഹോംഗാര്‍ഡ് എം. രജിത്ത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.