കൊച്ചി: ഉച്ചാരണം കഠിനമായ വാക്കുകളെ മെരുക്കിയെടുത്ത് മൂന്ന് വയസ്സുകാരി നേടിയത് ലോക റെക്കോഡ്. ഇംഗ്ലീഷിലെ നാക്കുളുക്കി വാക്യങ്ങൾ ഒഴുക്കോടെ സംസാരിച്ചാണ് കൊച്ചി ക്രാഫ്റ്റ് വേൾഡ് സ്കൂളിലെ വിദ്യാർഥിനി അനഘ പ്രവീൺ നേട്ടം കൊയ്തത്.
ഇംഗ്ലീഷ് ഭാഷയോടുള്ള അഭിനിവേശവും ഇത്തരം വാക്കുകളോടുള്ള പ്രത്യേക ഇഷ്ടവുമാണ് അനഘയെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സ്, യൂനിവേഴ്സൽ വേൾഡ് റെക്കോഡ് ഫോറം എന്നിവയിൽ ഇടംനേടാൻ പ്രാപ്തയാക്കിയത്. ഇംഗ്ലീഷിലെ ഉച്ചാരണം ഏറ്റവും ബുദ്ധിമുട്ടുള്ള വാക്യം ഒരുമിനിറ്റ് ആവർത്തിച്ചാണ് ലോക റെക്കോഡ് കരസ്ഥമാക്കിയത്.
അനഘയുടെ അമ്മ മൃദുല പ്രവീൺ ക്രാഫ്റ്റ് വേൾഡ് സ്കൂളിലെ പ്രിൻസിപ്പലാണ്. അച്ഛൻ പ്രവീൺ തോമസ് ക്രിക്കറ്റ് ടെക്നോളജി കമ്പനിയായ ക്രിക്ക് ക്ലബ്സിൽ ചീഫ് ഓപറേറ്റിങ് ഓഫിസറാണ്. ഭാഷയോടൊപ്പം ഏറെ ഇഷ്ടപ്പെടുന്ന ജിംനാസ്റ്റിക്സിലും ലോക ശ്രദ്ധയാകർഷിക്കണമെന്നാണ് അനഘയുടെ ആഗ്രഹം. ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യുന്ന മികച്ച ജിംനാസ്റ്റാകാനാണ് തെൻറ ലക്ഷ്യമെന്ന് അനഘ പറയുന്നു.
വ്യവസായമന്ത്രി പി. രാജീവ് കുട്ടിയെ നേരിട്ടെത്തി അനുമോദിച്ചു. ക്രാഫ്റ്റ് വേൾഡ് സ്കൂൾ മാനേജിങ് ട്രസ്റ്റി സി.എ. മജീദ്, നൗഷാദ് മേത്തർ, അബ്ദുൽ ലത്തീഫ് പാലക്കൽ എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.