കൊച്ചി: കോതാട്- മൂലമ്പിള്ളി, മുളവുകാട്- മൂലമ്പിള്ളി പാലങ്ങളുടെ സുരക്ഷയിൽ ആശങ്ക നിറഞ്ഞതോടെ വിദഗ്ധ സംഘത്തിന്റെ പരിശോധന. നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ വിശദ പരിശോധനയും നടപടികളുമുണ്ടാകുമെന്നാണ് അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാര പരിധിയിലുള്ള കണ്ടെയ്നർ റോഡിലാണ് കോതാട്-മൂലമ്പിള്ളി, മുളവുകാട്-മൂലമ്പിള്ളി പാലങ്ങൾ സ്ഥിതി ചെയ്യുന്നത്. പാലങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് പ്രദേശവാസികളും മത്സ്യതൊഴിലാളികളും ആശങ്ക പങ്കുവെച്ചിരുന്നു.
പാലങ്ങളുടെ തൂണുകളെ ഭൂമിയുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് അടർന്നും വെള്ളത്തിൽ ലയിച്ചും മറ്റും കോൺക്രീറ്റ് വലിയ തോതിൽ നശിച്ചിരിക്കുകയാണ്. കമ്പികൾ പുറത്തു കാണുന്ന സ്ഥിതിയിലാണ് ഈ ഭാഗം. വേലിയിറക്ക സമയത്ത് പാലത്തിന്റെ തൂണുകളുടെ ദ്രവിച്ച ഭാഗം പുറത്ത് കാണാം.
കോടാട്- മൂലമ്പിള്ളി പാലത്തിന്റെ 12 ഓളം തൂണുകളാണ് അപകട സാഹചര്യത്തിലുള്ളതെന്ന് പഞ്ചായത്ത് അംഗം അഗസ്റ്റിൻ ഹൈബിൻ പറഞ്ഞു. മത്സ്യതൊഴിലാളികളുടെ സഹായത്തോടെ പരിശോധിച്ചപ്പോൾ പാലത്തിനടിയിൽ കോൺക്രീറ്റ് അടർന്ന് കമ്പി പുറത്തേക്ക് നിൽക്കുന്നതായാണ് വ്യക്തമാകുന്നത്.
ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണിത്. മൂന്ന് അടിയോളം നീളമുള്ള അലൂമിനിയം പൈപ്പ് തൂണിനടിയിലേക്ക് ഇറക്കിയപ്പോൾ പൂർണമായും അകത്തേക്ക് കടന്നുപോകുന്ന സ്ഥിതിയാണുണ്ടായത്. കമ്പികൾ കൂടി ദ്രവിച്ചാൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പാലത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്ക പുറത്തുവന്നതോടെ ഇവിടെ വേഗ പരിധി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ മാത്രമെ വാഹനം ഇതുവഴി ഓടിക്കാവു എന്നാണ് ബോർഡിലുള്ളത്. വിദ്യാർഥികൾ, രോഗികൾ തുടങ്ങി നിരവധി ആളുകളും,കണ്ടെയ്നറുകളടക്കം വാഹനങ്ങളും കടന്നുപോകുന്ന സുപ്രധാന പാതയിലാണ് പാലങ്ങളുടെ സുരക്ഷയിൽ ആശങ്ക ഉയർന്നിരിക്കുന്നത്.
കണ്ടെയ്നർ റോഡിലെ പാലം നിർമാണത്തിലെ അശാസ്ത്രീയതയിൽ മുമ്പും പരാതികൾ ഉയർന്നിരുന്നു. മൂലമ്പിള്ളി- കോതാട് പാലത്തിന്റെ മധ്യത്തിലുള്ള ഗർഡർ തകർന്ന് കുഴി രൂപപ്പെട്ടിരുന്നു. പാലത്തിന്റെ ഒരു ഭാഗം ഗതാഗതം തടഞ്ഞാണ് അറ്റകുറ്റപണി അന്ന് നടത്തിയത്.
സുരക്ഷാ ഭീഷണിയുള്ള പാലങ്ങളുടെ ഘടനാപരമായ സ്ഥിരത വിലയിരുത്താനും നടപടിയെടുക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പിയും ടി.ജെ. വിനോദ് എം.എൽ.എയുമടക്കം രംഗത്തെത്തിയിട്ടുണ്ട്.
പാലങ്ങൾക്ക് സംഭവിച്ച നാശത്തിന്റെ വ്യാപ്തി നിർണയിച്ച്, പുനരുദ്ധാരണത്തിന് ഉചിതമായ നടപടികളുണ്ടാകണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. ബലക്ഷയം ഇല്ലെന്നുറപ്പാക്കും വിധമുള്ള പ്രവർത്തനങ്ങളാണ് നടക്കേണ്ടത്. ഇതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.