കൊച്ചി: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന കൊച്ചി കോർപറേഷൻ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിലനിന്ന സി.പി.എം-സി.പി.ഐ ഭിന്നതക്ക് അവസാന നിമിഷം ചർച്ചയിലൂടെ താൽകാലിക പരിഹാരം. സി.പി.ഐയിൽനിന്നുള്ള ഡെപ്യൂട്ടി മേയർ തന്നെ ബജറ്റ് അവതരിപ്പിക്കും. മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ മേയറുമായ സി.എം. ദിനേശ് മണിയുമായി നടത്തിയ ചർച്ചയിലാണ് തർക്കത്തിന് വിരാമമായത്.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം മൂന്ന് വർഷത്തിനു ശേഷം സി.പി.ഐക്ക് കൈമാറണമെന്ന ധാരണ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ, സി.പി.എമ്മുമായി ഉടക്കിയത്. ബജറ്റ് ബഹിഷ്കരണം നടത്തുമെന്ന ഭീഷണിയും മുഴക്കി. ഇതേ തുടർന്ന് കോർപറേഷന്റെ ചരിത്രത്തിലാദ്യമായി സെക്രട്ടറി ബജറ്റ് അവതരിപ്പിക്കുമെന്ന നിലയിലേക്കെത്തിയിരുന്നു കാര്യങ്ങൾ.
മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍ സെക്രട്ടറി ബജറ്റ് അവതരിപ്പിക്കുമെന്ന് മേയര്‍ എം. അനില്‍കുമാറും നിലപാടെടുത്തു. ഇത് വാര്‍ത്തയായതോടെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരിട്ടിടപെട്ട് പ്രശ്ന പരിഹാരത്തിന് നിര്‍ദേശിക്കുകയായിരുന്നു.
പാർലമെൻറ് തെരഞ്ഞെടുപ്പിനുശേഷം സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം വിട്ടു നൽകാമെന്നാണ് ചർച്ചയിൽ ധാരണയായതെന്ന് സി.പി.ഐ കൗൺസിലർമാർ അറിയിച്ചു. വിദേശത്തുള്ള സി.പി.എം ജില്ല സെക്രട്ടറി സി.എന്‍. മോഹനന് മടങ്ങിയെത്തിയ ശേഷം 19ന് അന്തിമ തീരുമാനമെടുത്തേക്കും.
ഫിനാന്‍സ് കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയില്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ കെ.എ. അന്‍സിയയാണ് ബജറ്റ് അവതരിപ്പിക്കുക. എന്നാൽ ഫിനാന്‍സ് കമ്മിറ്റി യോഗം ചേരുകയോ ബജറ്റിന് അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. ധനകാര്യ കമ്മിറ്റി അംഗീകാരമില്ലാത്ത ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. സി.പി.എം-സി.പി.ഐ തര്‍ക്കം മൂലം ഫിനാന്‍സ് കമ്മിറ്റി യോഗം ചേരാന്‍ കഴിഞ്ഞില്ല.
പ്രശ്നത്തിന് തിങ്കളാഴ്ച താല്‍ക്കാലിക പരിഹാരം കണ്ടെങ്കിലും കമ്മിറ്റി യോഗം ചേരാൻ സമയം കിട്ടിയില്ല. ചൊവ്വാഴ്ച കോർപറേഷൻ ബജറ്റ് തുടങ്ങും മുമ്പ് യോഗം ചേരുകയാണെങ്കിൽ അനുമതി നൽകാം. പ്രതിപക്ഷം എതിര്‍ത്താലും എല്‍ഡി.എഫിന് ഭൂരിപക്ഷം ഉള്ളതിനാല്‍ അന്തിമ അധികാരമുള്ള കൗണ്‍സിലില്‍ ബജറ്റിന് അംഗീകാരം നേടിയെടുക്കാന്‍ ഭരണമുന്നണിക്ക് കഴിഞ്ഞേക്കും.
വ്യാഴാഴ്ചയാണ് ബജറ്റിന്മേലുള്ള ചര്‍ച്ച. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വേണ്ട ഭേദഗതികള്‍ വരുത്തി അംഗീകാരത്തിനായി കൗണ്‍സിലിന് മുന്നില്‍ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.