ആലുവ: സംസ്ഥാനതലത്തിൽ തന്നെ തിരക്കേറിയ സ്റ്റേഷനുകളിലൊന്നായ ആലുവയിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യം. ഇടുക്കിയുടെ റെയിൽവേ കവാടവും എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ ജനങ്ങളുടെ റെയിൽവേ യാത്രകൾക്കുള്ള പ്രധാന ആശ്രയവുമാണ് ആലുവ റെയിൽവേ സ്റ്റേഷൻ. വന്ദേ ഭാരത് ട്രെയിൻ കടന്നുപോകുന്ന ജില്ലകളിലെല്ലാം സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇടുക്കി ജില്ലക്കാർക്കും മറ്റ് മലയോര പ്രദേശവാസികൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ഇടുക്കി ജില്ലയുടെ സ്റ്റേഷനായി അറിയപ്പെടുന്ന ആലുവയിൽ സ്റ്റോപ് അനുവദിച്ചാൽ അത് യാത്രക്കാർക്കും റെയിൽവേക്കും കൂടുതൽ പ്രയോജനപ്പെടും. കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡും റെയിൽവേ സ്റ്റേഷനും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ യാത്രക്കാർക്ക് രാത്രിയെന്നോ പകലെന്നോ ഭയപ്പെടാതെ ആലുവ വഴി ട്രെയിൻ യാത്ര ചെയ്യാൻ സൗകര്യവുമുണ്ട്. ഏറ്റവും കൂടുതൽ അന്തർ സംസ്ഥാന തൊഴിലാളികൾ വന്നെത്തുന്നതും തിരികെ പോകുന്നതുമായ ഒരു സ്റ്റേഷൻ കൂടിയാണ് ആലുവ. എൻ.എ.ഡി, എയർപോർട്ട്, ഐ.എസ്.ആർ.ഒ, നിരവധി സ്വകാര്യ കമ്പനികൾ തുടങ്ങിയവയുടെ സമീപ സ്റ്റേഷനും ആലുവയാണ്.
ഇത്തരം സ്ഥാപനങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവർക്കും പ്രധാന ആശ്രയ കേന്ദ്രമാണ് ആലുവ സ്റ്റേഷൻ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുന്നവരും അവിടെനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നവരുമായ നിരവധി യാത്രക്കാർക്കും ഇത് ഉപകാരപ്പെടും. ആലുവക്കാരും എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗത്തുനിന്നുള്ളവരും മൂന്നാർ ഉൾപ്പെടെയുള്ള ഇടുക്കി ജില്ലക്കാരും നെടുമ്പാശേരി വിമാനത്താവള യാത്രക്കാരും ഉൾപ്പെടെ 19500ഓളം യാത്രക്കാർ ആലുവ റെയിൽവേ സ്റ്റേഷനെ നിത്യേനെ ആശ്രയിക്കുന്നതായാണ് കണക്ക്. മൂന്നാറിലേക്ക് ട്രെയിൻ മാർഗം വരുന്ന ടൂറിസ്റ്റ് ഉൾപ്പെടെയുള്ള ഇടുക്കിക്കാർക്കുള്ള സെർവിങ്ങ് സ്റ്റേഷനാണ് ആലുവ.
ആലുവ: വന്ദേ ഭാരത് ട്രെയിനിന് ആലുവയിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. ആലുവ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർക്ക് വന്ദേ ഭാരത് ട്രെയിനിൽ യാത്ര ചെയ്യുന്നതിന് എറണാകുളത്തോ തൃശൂരോ പോകേണ്ടതായി വരും. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കത്തയച്ചത്. വന്ദേഭാരത് ട്രെയിനിന് ആലുവയിൽ സ്റ്റോപ് അനുവദിച്ചാൽ അതിലൂടെ റെയിൽവേക്ക് വരുമാന വർധനവുണ്ടാകുമെന്നും എം.എൽ.എ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.