മട്ടാഞ്ചേരി: കൊച്ചി സിറ്റി റേഷനിങ് ഓഫിസ് പരിധിയിൽ റേഷൻ വിതരണം അവതാളത്തിൽ. ഫോർട്ട്കൊച്ചി, പള്ളുരുത്തി, ചെല്ലാനം തുടങ്ങിയ മേഖലയിൽ പലയിടങ്ങളിലും റേഷൻ വിതരണം മുടങ്ങിയ നിലയിലാണ്.
സിറ്റി റേഷനിങ് ഓഫിസിലെ ജീവനക്കാരും വാതിൽപടി കരാറുകാരനും തമ്മിലുള്ള തർക്കമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. പല റേഷൻകടകളിലും വിതരണം ചെയ്യാൻ സാധനങ്ങൾ ഇല്ലാത്ത അവസ്ഥയാണെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. കോവിഡ് വ്യാപനത്തിെൻറ ഇടയിലാണ് ജനങ്ങൾ റേഷൻ കിട്ടാതെ വലയുന്നത്. സാധനങ്ങൾ എത്തിയിട്ടിെല്ലന്ന് കാർഡ് ഉടമകളോട് പറയുമ്പോൾ, റേഷൻ വ്യാപാരികളും കാർഡ് ഉടമകളും തമ്മിലുള്ള തർക്കങ്ങൾക്കും ഇത് വഴിവെക്കുന്നുണ്ട്.
കൊച്ചിക്ക് പുറത്തുള്ള മറ്റിടങ്ങളിൽ സാധനങ്ങൾ ലഭ്യമാകുമ്പോൾ ഇവിടെ മാത്രം എന്താണ് പ്രശ്നമെന്നാണ് നാട്ടുകാരുടെ ചോദ്യം. എൻ.എഫ്.എസ്.എ, സപ്ലൈകോ എന്നിവക്ക് വിതരണച്ചുമതലയുള്ള കൊച്ചിയിലെ ഡിപ്പോയിൽ സ്ഥിരമായി ഒരു അസി. മാനേജർ ഇല്ലാത്തതും കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണെന്നാണ് റേഷൻ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. രണ്ട് മാസത്തിനിടെ ആറോളം ഓഫിസർമാർ ഇവിടെ മാറിപ്പോയിട്ടുണ്ട്.
പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാകാത്തപക്ഷം ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് ഓൾ കേരള റീട്ടെയിൽ റേഷനിങ് ഡീലേഴ്സ് അസോസിയേഷൻ കൊച്ചി സിറ്റി കമ്മിറ്റി സെക്രട്ടറി സി.എ. ഫൈസൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.