കൊച്ചി: ഓണാഘോഷങ്ങളോടനുബന്ധിച്ച് മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനവും വിപണനവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ എക്സൈസ് വകുപ്പ് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി. ആഗസ്റ്റ് ആറ് മുതൽ സെപ്റ്റംബർ അഞ്ച് വരെ ജാഗ്രത ദിനങ്ങളായി സർക്കാർ പ്രഖ്യാപിച്ചു. ജില്ലതലത്തിൽ എക്സൈസ് ഡിവിഷൻ ഓഫിസ് കേന്ദ്രീകരിച്ചാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാർ പുറപ്പെടുവിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവർത്തനം. കഞ്ചാവും മദ്യവും പുകയില ഉൽപന്നങ്ങളും ഉപയോഗിച്ചിരുന്ന യുവാക്കൾ വീര്യംകൂടിയ മയക്കുമരുന്നിലേക്ക് എത്തിയെന്നാണ് എക്സൈസും പൊലീസും നൽകുന്ന വിവരം. മയക്കുമരുന്ന് ഗുളികകളും മാജിക് മഷ്റൂമും വീര്യംകൂടിയ എം.ഡി.എം.എയും വ്യാപകമായി ജില്ലയിലേക്കും വിവിധ പ്രദേശങ്ങളിലേക്കും എത്തുന്നുണ്ട്.
വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ച വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം.
സംയുക്ത പരിശോധന എക്സൈസ് വകുപ്പ്, ഫോറസ്റ്റ്, റവന്യൂ, പൊലീസ്, കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, ഡ്രഗ്സ്, ഫുഡ് ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് ഓണക്കാലത്ത് വിപുലമായ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്. രാത്രി പട്രോളിങ്, വാഹന പരിശോധനയും നടത്താൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കോസ്റ്റൽ പൊലീസുമായി ചേർന്ന് കടലിലും ഉൾനാടൻ ജലഗതാഗത പാതകളിലും പട്രോളിങ് നടത്താനും പദ്ധതിയുണ്ട്. വന മേഖലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി ചേർന്ന് വ്യാജവാറ്റ്, കഞ്ചാവ് കൃഷി എന്നിവ കണ്ടുപിടിച്ച് നശിപ്പിക്കാനുള്ള റെയ്ഡുകളാണ് നടത്തുക. അന്തർ സംസ്ഥസാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നതായും പലരും ലഹരിവസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ട്രെയിനുകളിലും നിരീക്ഷണവും പരിശോധനയും കർശനമാക്കും.
ജില്ലയിലേക്ക് കൊണ്ടുവരുന്ന കള്ളിന്റെ അളവും ഗുണനിലവാരവും കൃത്യമായി പരിശോധിക്കും. കള്ള് വിൽക്കുന്ന ഷാപ്പുകളിൽ പ്രത്യേകം നിരീക്ഷണമുണ്ടാകും. ബാറുകളും ബിയർ പാർലറുകളും ക്ലബുകളും കള്ളുഷാപ്പുകളും അനുവദനീയമായ സമയത്ത് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതും ഉറപ്പാക്കും.
ലഹരി വിൽപന സജീവമായി നടക്കുന്നുവെന്ന് പരാതി ഉയർന്ന ഡി.ജെ പാർട്ടികളിലും എക്സൈസ് -പൊലീസ് വിഭാഗങ്ങൾ പരിശോധനകൾ കടുപ്പിക്കും. ഡി.ജെ പാർട്ടികൾ നടക്കുന്ന ഇടങ്ങളിൽ വരുന്നവരുടെ പേരും വിവരവും കൃത്യമായി രേഖപ്പെടുത്താൻ പൊലീസും എക്സൈസും കനത്ത നിർദേശം നൽകി. ഷാഡോ പൊലീസ് അടക്കമുള്ളവരുടെ നിരീക്ഷണങ്ങൾ ഇത്തരം പാർട്ടികൾ നടക്കുന്നയിടങ്ങളിൽ ഉണ്ടാകും.
അന്തർ സംസ്ഥാനങ്ങളിൽനിന്ന് വരുന്ന ട്രെയിനുകളിലും അന്തർ സംസ്ഥാന ബസുകളിലും വ്യാപക പരിശോധന നടത്തും. ആർ.പി.എഫിന്റെ സഹായത്തോടെയാകും ട്രെയിനുകളിൽ പരിശോധന നടത്തുക. ബസുകളും ട്രെയിനുകളും വഴിയാണ് വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നത്. വിദ്യാർഥികളും യുവാക്കളുമാണ് കാര്യർമാരായി പ്രവർത്തിക്കുന്നത്.
മൂന്ന് കോടിയിലേറെ വില വരുന്ന ലഹരി വസ്തുക്കൾ ഇവർ എത്തിക്കണമെങ്കിൽ ഇതിന് പിന്നിൽ വൻ മാഫിയകൾ പണം വാരിയെറിയുന്നുണ്ടെന്നാണ് കരുതുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാപകമായി ലഹരിക്കടത്ത് നടക്കുന്നത്. കേരളത്തിലെ കൊച്ചിയടക്കമുള്ള പ്രധാന നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലും സ്വകാര്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് കൈമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.