കൊച്ചി: നഗരത്തിൽ പലയിടത്തും ലഹരിയെത്തുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാത്രിയിലും പരിശോധനക്കിറങ്ങി പൊലീസ്. സിറ്റി പൊലീസ് കമീഷണറുടെ നിർദേശ പ്രകാരം ലഹരി ഇടപാടുകൾ കണ്ടെത്താനാണ് നഗരത്തിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പൊലീസ് പരിശോധന ആരംഭിച്ചത്. നഗരത്തിലെ പ്രധാന ഇടങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളിലും ഹോട്ടലുകളിലും ലോഡ്ജുകളിലുമടക്കം പരിശോധന നടന്നു. കൊച്ചിയിൽ ലഹരിക്കടത്ത്, ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഏറി വരുന്ന സാഹചര്യത്തിലാണ് നടപടി. അവധി ദിനങ്ങളുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി വിവിധ ഇടങ്ങളിൽ നടന്ന പരിശോധനയിൽ അരക്കിലോയോളം കഞ്ചാവും പിടിച്ചെടുത്തു. നഗരത്തിലൂടെ കടന്നുപോയ എല്ലാ വാഹനങ്ങളും പൊലീസ് പരിശോധനക്ക് വിധേയമാക്കി. അടുത്തിടെ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിയുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ നിരവധി കേസുകൾ പിടികൂടിയിരുന്നു. പരിശോധനക്കായി ഡോഗ് സ്ക്വാഡിന്റെ അടക്കം സേവനം ഉപയോഗിക്കുന്നുണ്ട്.
കർശന പരിശോധന തുടരും -അസി. കമീഷണർ
നഗരത്തിന്റെ പ്രത്യേക ഇടങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധനയാണ് നടന്നുവരുന്നതെന്ന് കൊച്ചി അസി. കമീഷണർ പി. രാജ്കുമാർ പറഞ്ഞു. മഫ്തിയിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ലോഡ്ജുകളിലടക്കം പരിശോധന നടത്തി വരുന്നുണ്ട്. വ്യാഴാഴ്ച അർധരാത്രിയോടെ നടന്ന പരിശോധനയിൽ കഞ്ചാവ് പിടികൂടിയിരുന്നു. ഇതോടൊപ്പം ട്രാഫിക് നിയമ ലംഘനങ്ങളും പിടികൂടുന്നുണ്ട്. കൂടാതെ മദ്യപിച്ച് വാഹനമോടിച്ച കേസുകളും കണ്ടെത്തി. ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനയും നടന്നുവരുന്നുവെന്നും അവധി ദിനങ്ങളോടനുബന്ധിച്ചും പരിശോധന നടത്തുമെന്നും എ.സി.പി പറഞ്ഞു.
ഒരുമാസത്തിനിടെ 137 ലഹരിക്കേസ്
ജില്ലയിൽ ഒരുമാസത്തിനിടെ 137 ലഹരിക്കേസാണ് പൊലീസ് പിടികൂടിയത്. രാജ്യാന്തര വിപണിയില്‍ കോടികള്‍ വിലയുള്ള പുത്തന്‍ ലഹരി ഹൈഡ്രോ കഞ്ചാവിന്റെ വിതരണക്കാരെ എറണാകുളം റൂറല്‍ പൊലീസിന്റെ സഹായത്തോടെ മലയാളികളടക്കം ഏഴുപേരെ കുടക് പൊലീസ് പിടികൂടിയിരുന്നു.
സിന്തറ്റിക് ലഹരിയുണ്ടാകുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന വിശേഷണത്തോടെയാണ് ഹൈഡ്രോ കഞ്ചാവിന്റെ വിപണനം. ഇന്ത്യയില്‍ വ്യാപകമായിട്ടില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നടക്കുന്നത് കോടികളുടെ ബിസിനസാണ്. ജില്ലയിൽ ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസ് പൊലീസ് പിടികൂടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.