കൊച്ചി: പ്രകടനം ആരംഭിക്കാൻ തീരുമാനിച്ച മണപ്പാട്ടിപ്പറമ്പിലെ കേന്ദ്രത്തിൽ കാത്തുനിന്ന യു.ഡി.എഫ് പ്രവർത്തകർക്കിടയിലേക്ക് സ്ഥാനാർഥി ഹൈബി ഈഡന്റെ വാഹനം വന്നുനിന്നു. കൈകളുയർത്തി അഭിവാദ്യം ചെയ്ത് ഹൈബി ഈഡൻ പുറത്തിറങ്ങവെ, പ്രവർത്തകർ അദ്ദേഹത്തെ തോളിലേക്ക് എടുത്തുയർത്തി.
പ്രവർത്തകരുടെ ആവേശം മുദ്രാവാക്യങ്ങളായി ഉയർന്നു. എം.എൽ.എമാരായ ടി.ജെ. വിനോദ്, ഉമ തോമസ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ളവർ സ്ഥാനാർഥിക്കും പ്രവർത്തകർക്കുമൊപ്പമണ്ടായി.
വാദ്യമേളങ്ങളുടെയും കരഘോഷങ്ങളുടെയും അകമ്പടിയോടെ പ്രകടനം ആരംഭിച്ചു. തുറന്ന വാഹനത്തിൽ പ്രവേശിച്ച ഹൈബി ഈഡൻ വഴിയോരത്ത് കാത്തുനിന്നവരെ അഭിവാദ്യം ചെയ്ത് റോഡ് ഷോ മുന്നോട്ടുനീങ്ങി.
റോഡ് ഷോയിൽ പങ്കെടുക്കാൻ ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡയും മകൾ ക്ലാരയും എത്തിയിരുന്നു. അനൗൺസ്മന്റെ് വാഹനത്തിന് പിന്നിലായി നിരന്ന ചെണ്ടമേളക്കാർ വാദ്യവിസ്മയം തീർത്തു. തൊട്ടുപിന്നിൽ കാവടിയാട്ടവും കലാകാരന്മാരും നിരന്നു. നാടിനെ രക്ഷിക്കാൻ കോൺഗ്രസിനെ വിജയിപ്പിക്കുകയെന്ന പ്ലക്കാർഡുമേന്തി പ്രച്ഛന്നവേഷക്കാരും റാലിയിലുണ്ടായി. ഇതിനിടയിൽ ഹൈബി ഈഡന് മുദ്രാവാക്യം വിളിച്ച് കൊടികളും പ്ലക്കാർഡുകളും ഉയർത്തി വാഹനത്തിന് ചുറ്റും പിന്നിലുമായി നിരവധി പ്രവർത്തകരാണ് അണിനിരന്നത്.
നോർത്ത് പാലത്തിലൂടെ കയറി ടൗൺഹാളിലേക്ക് പ്രവേശിക്കുമ്പോൾ മുദ്രാവാക്യമുഖരിതമായിരുന്നു പ്രദേശം. ഈ സമയം നിരവധി പ്രവർത്തകർ ടൗൺഹാളിന് മുൻവശത്തും ബസ് സ്റ്റോപ്പിന് സമീപത്തുമായി കാത്തുനിൽപുണ്ടായിരുന്നു. സ്ഥാനാർഥിയോടൊപ്പമുള്ള പ്രകടനം കൂടിയെത്തിയതോടെ പ്രദേശത്ത് ജനം നിറഞ്ഞു. തുടർന്ന് ആവേശം അലതല്ലിയ കൊട്ടിക്കലാശമാണ് നടന്നത്.
പരിപാടിക്ക് മാറ്റുകൂട്ടാൻ നടന്മാരായ രമേഷ് പിഷാരഡിയും ധർമജൻ ബോൾഗാട്ടിയുമെത്തി. ഇരുവരും സ്ഥാനാർഥിക്കൊപ്പം വാഹനത്തിൽ കയറുകയും ഹൈബി ഈഡന് വേണ്ടി വോട്ട് അഭ്യർഥിച്ച് സംസാരിച്ചു. ശേഷം നടന്ന ഹൈബി ഈഡന്റെ പ്രസംഗത്തെ പ്രവർത്തകർ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് മതേതരത്വം വിജയിക്കട്ടെ, വർഗീയത തുലയട്ടെ, യു.ഡി.എഫ് സിന്ദാബാദ് എന്ന് ഹൈബി മുദ്രാവാക്യം വിളിച്ചപ്പോൾ പ്രവർത്തകരും നേതാക്കളും ഒന്നടങ്കം ഏറ്റുവിളിച്ചു. പരസ്യപ്രചാരണം കൃത്യം ആറ് മണിക്കുതന്നെ അവസാനിപ്പിച്ചാണ് യു.ഡി.എഫ് പ്രവർത്തകർ മടങ്ങിയത്. സമാധാനപരമായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ മണ്ഡലത്തിലെ കൊട്ടിക്കലാശ പരിപാടികൾ.
കൊച്ചി: കത്തുന്ന വെയിലിലും തിളക്കുന്ന ആവേശത്തോടെയാണ് നഗരത്തിൽ ഇടത് പ്രവർത്തകർ കൊട്ടിക്കലാശത്തിനെത്തിയത്. ആഴ്ചകൾ നീണ്ട പ്രചാരണത്തിരക്കുകളൊന്നും അവരുടെ ആവേശത്തെ തെല്ലും ചോർത്തിയില്ല. നഗരത്തിലെ പാലാരിവട്ടത്ത് വൈകീട്ട് ആറിനായിരുന്നു കൊട്ടിക്കലാശ പര്യവസാനമെങ്കിലും മൂന്നുമണിയോടെ പ്രവർത്തകരെത്തി.
സ്ഥാനാർഥി കെ.ജെ. ഷൈനിന്റെ ബഹുവർണ ചിത്രങ്ങളും വർണബലൂണുകളും ബാൻഡ് മേളങ്ങളുമെല്ലാം അകമ്പടിയായി. നാല് മണിയോടെ വനിത പ്രവർത്തകരുടെ ഇരുചക്രവാഹന റാലിയും ഇവിടേക്കെത്തി. ഇതോടെ പ്രദേശം ജനനിബിഡമായി. ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളിൽനിന്ന് അനൗൺസ്മെൻറുകളും പാരഡിഗാനങ്ങളും മുദ്രാവാക്യം വിളികളും അന്തരീക്ഷമാകെ ഉയർന്നു. ആരവങ്ങൾക്കിടെ നാലരയോടെ സ്ഥാനാർഥി കെ.ജെ. ഷൈൻ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കൊട്ടിക്കലാശ നഗരിയിലേക്കെത്തി. വാഹനത്തിൽനിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്ത ഇവർ ഗാനങ്ങളോടൊപ്പം നൃത്തച്ചുവടുകളും വെച്ചു. ഇതോടെ പ്രവർത്തകരും സ്ഥാനാർഥിയോടൊപ്പം ചേർന്നു. തുടർന്ന് വാഹനത്തിൽനിന്ന് ഇറങ്ങി പ്രത്യേകം സജ്ജമാക്കിയ ക്രെയിനിൽ കയറിയ സ്ഥാനാർഥി മേയർ എം. അനിൽകുമാറിനോടൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്തു.
ഇതോടെ വീണ്ടും പ്രവർത്തക ആവേശം വാനോളമെത്തി. ബാൻഡുമേളവും നൃത്തച്ചുവടുകളുമായി പ്രവർത്തകർ നിരത്തിൽ നിറഞ്ഞാടി.
ഇതിനിടെ മൈക്ക് കൈയിലെടുത്ത സ്ഥാനാർഥി 20 മിനിറ്റോളം നീണ്ട പ്രസംഗം ‘‘ഇടതുപക്ഷം ജയിക്കണം. എന്നെ ജയിപ്പിക്കണം. രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിൽക്കണം. എറണാകുളം എന്നെ കൈവിടില്ലെന്നുറപ്പുണ്ട്’’ അവർ പറഞ്ഞു നിർത്തിയതോടെ പ്രവർത്തകരുടെ കരഘോഷവും മുദ്രാവാക്യം വിളിയും അന്തരീക്ഷത്തിലുയർന്നു. കൃത്യം ആറു മണിക്ക് തന്നെ പരിപാടി അവസാനിപ്പിച്ചു. പി.ഡി.പി പ്രവർത്തകരും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. നേതാക്കളായ ഗോപി കോട്ടമുറിക്കൽ, ജോൺ ഫെർണാണ്ടസ്, കെ.എസ്. അരുൺമാർ അടക്കമുള്ളവരും മറ്റു നേതാക്കളുമെത്തിയിരുന്നു. വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായി.
കൊച്ചി: അനൗൺസ്മെന്റ് വാഹനങ്ങളുടെയും കാവടി കലാകാരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സമാപനം. നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച പ്രവർത്തകരും ഇരുചക്ര വാഹനങ്ങളിലും നിരത്തിലുമായി പ്രധാനമന്ത്രിയുടെയും താമര ചിഹ്നവും ആലേഖനം ചെയ്ത ടീ ഷർട്ട് ധരിച്ച പ്രവർത്തകരും അണിനിരന്നു. എല്ലാവരെയും അഭിവാദ്യം ചെയ്ത് സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ തുറന്ന വാഹനത്തിൽ മുന്നോട്ട് നീങ്ങി.
പള്ളിമുക്കിൽ ബി.ജെ.പി ജില്ല ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച കൊട്ടിക്കാലാശ യാത്രക്ക് നേതാക്കളായ അഡ്വ. നാരായണൻ നമ്പൂതിരി, കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ, അഡ്വ. കെ.എസ്. ഷൈജു, കുരുവിള മാത്യൂസ്, വി.വി. ഗിരി, പ്രദീപ് കുന്നുകര, പി.എം. ലാലു, എസ്. സജി, എ.പി. ശങ്കരൻകുട്ടി, പത്മജ എസ്. മേനോൻ, എം.എ. അലി, ജോഷി തോമസ്, സുധീർ ഗോപി, ജോയ് എളമക്കര, എസ്. സുചീന്ദ്രൻ, എ. അനൂപ്, പി.വി. അതികായൻ, ഷാജി മൂത്തേടൻ, കെ.എസ്. ഉദയകുമാർ, കെ.എസ്. സുരേഷ് കുമാർ, അഡ്വ. രമാദേവി തോട്ടുങ്കൽ, വിനീത ഹരിഹരൻ, സ്മിത മേനോൻ എന്നിവർ നേതൃത്വം നൽകി. എം.ജി റോഡ് വഴി മാധവ ഫാർമസി ജങ്ഷനിൽ എത്തിയ പ്രകടനം ആറുമണിക്ക് പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.