മട്ടാഞ്ചേരി: മത്സ്യബന്ധന ബോട്ടുകൾ സംസ്ഥാനത്തെ പ്രധാന മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ കൊച്ചി ഫിഷറീസ് ഹാർബർ വിട്ടകലുന്നു. വിവിധ കാരണങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കുത്. ഇതര സംസ്ഥാനത്തുനിന്നടക്കം ബോട്ടുടമകളെ കൊച്ചി ഹാർബറിലേക്ക് ആകർഷിച്ചിരുന്നത് ഇവിടെ മത്സ്യങ്ങൾക്ക് ലഭിക്കുന്ന ഉയർന്ന വിലയായിരുന്നു. എന്നാൽ, ഇപ്പോൾ മിക്ക ഹാർബറുകളിലും ഏകദേശം ഒരേ വിലയാണെന്നാണ് പറയുന്നത്.
ബോട്ടുകളിൽ പണിക്കായി തൊഴിലാളികളെ കിട്ടാത്തതും സംസ്ഥാനത്തും പുറത്തും ഹാർബറുകളുടെ എണ്ണം കൂടിയതും മറ്റൊരു കാരണമാണ്. കുളച്ചൽ, മുട്ടം എന്നിവിടങ്ങളിൽ ഹാർബർ വന്നതും കൊച്ചിയിലേക്ക് വരുന്ന ബോട്ടുകളുടെ വരവ് കുറച്ചു. ഹാർബർ നവീകരണ പ്രവർത്തനങ്ങൾ നീണ്ടുപോകുന്നതും ഒരേസമയം കൂടുതൽ ബോട്ടുകൾ ഹാർബറിൽ അടുപ്പിക്കാനാവാത്ത സ്ഥിതി സംജാതമാക്കിയിട്ടുണ്ട്.
നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിവിധ സർക്കാർ വകുപ്പുകൾ പിഴ ചുമത്തുന്നതും ഇതര സംസ്ഥാന ബോട്ടുകാരുടെ വരവ് കുറയാൻ കാരണമായി. ഹാർബറിൽ ഗിൽനെറ്റ് ബോട്ടുകൾ വരുന്നതാണ് ഏറെ ആശ്വാസകരം. മത്സ്യവുമായി വരുന്ന ബോട്ടുകളെ പുറംകടലിൽ കോസ്റ്റ് ഗാർഡ് തടഞ്ഞ് വിവിധ രേഖകൾ ഇല്ലെന്ന കാരണം ചുമത്തി രണ്ടുലക്ഷം രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് ആക്ഷേപം.
ഇതുമൂലം ബോട്ടുകൾ സംസ്ഥാനത്തെ മറ്റു ഹാർബറുകളിൽ അടുക്കുന്ന സ്ഥിതിയാണ്. കടലിൽ മത്സ്യം കിട്ടാത്തതുമൂലം ബോട്ട് വാങ്ങാൻ എടുത്ത ബാങ്ക് വായ്പകൾ അടക്കാൻ കഴിയാത്ത അവസ്ഥയാണ്. കുളച്ചൽ സ്വദേശികൾ പലരും സ്വന്തം നാടുകളിലേക്ക് ചേക്കേറുകയാണ്. ചാള, അയല എന്നിവയുടെ ലഭ്യത കുറഞ്ഞു. കേര, ചൂര, കരിക്കാടി ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളാണ് ചെറിയ തോതിൽ ലഭിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.
കൊച്ചി ഹാർബറിൽ ബോട്ടുകൾ കുറഞ്ഞതിനെ തുടർന്ന് കിഴക്കൻ മേഖലകളിലേക്ക് മീൻ കയറ്റി അയക്കാൻ കഴിയാത്ത അവസ്ഥയിലാണ് കച്ചവടക്കാർ. പ്രതിമാസം അഞ്ഞൂറോളം ഗിൽനെറ്റ് ബോട്ടുകൾ എത്തിയിരുന്ന ഹാർബറിൽ ഇപ്പോൾ നൂറിൽ താഴെ ബോട്ടുകളാണ് വരുന്നതെന്നും ഇതിന് കാരണം അധികൃതരുടെ അനാവശ്യ പീഡനമാണെന്നും ഗിൽനെറ്റ് ബയിങ് ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.