കൊച്ചി: കോർപറേഷൻ ഡിവിഷനുകളിലൂടെ ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിന്റെ പോളുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി കൗൺസിൽ യോഗത്തിൽ പ്രതിപക്ഷം രംഗത്ത്. നേരത്തേയുള്ള കോടികളുടെ കുടിശ്ശിക കിട്ടാനിരിക്കെയാണ് 780 പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ കൗണ്‍സില്‍ അറിയാതെ 8.5 കോടിക്ക് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്. ഇതില്‍ അഞ്ചു കോടി അവര്‍ അടച്ചിട്ടുണ്ട്.
കോടികൾ കമ്പനി തരാനുള്ളപ്പോൾ കുടിശ്ശികയൊന്നുമില്ലെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ വീണ്ടും കോടികളുടെ പോൾ ഇടപാട് നടത്തുന്നത് അഴിമതിയാണെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ ആരോപിച്ചു. ഇക്കാര്യത്തിൽ ധനകാര്യകമ്മിറ്റി നേരിട്ട് പരിശോധിക്കാൻ മേയർ എം. അനിൽകുമാർ നിർദേശിച്ചു. കരാറുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും വരുമാന നഷ്ടമുണ്ടെങ്കിൽ തിരിച്ചുപിടിക്കുമെന്നും മേയർ വ്യക്തമാക്കി. കോർപറേഷനിൽ അനുവദിക്കപ്പെട്ട പോളുകളുടെ എണ്ണവും സ്ഥാപിക്കപ്പെട്ടവയുടെ എണ്ണവും ടാഗ് ചെയ്തവയും പൈസ അടക്കാനുള്ള എണ്ണവും ഉൾപ്പെടെ ഏതെങ്കിലും കരാറുകാരെയോ സ്ഥാപനങ്ങളെയോ വെച്ച് കൃത്യമായി പരിശോധിക്കണമെന്നും മേയർ വ്യക്തമാക്കി.
കോർപറേഷനിൽ വിവിധയിടങ്ങളിലായി പോളുകൾ സ്ഥാപിക്കാനായിരുന്നു കരാർ. സുഗമ പോർട്ടലിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട അപേക്ഷ നൽകിയത്. സുഗമ പോർട്ടലിലൂടെ സമർപ്പിക്കപ്പെടുന്ന കാര്യങ്ങൾ കൗൺസിൽ അറിയേണ്ടതില്ലെന്ന സർക്കാർ ഉത്തരവുള്ളതിനാൽ ഇതേകുറിച്ച് കൗൺസിലിന് വിവരം ലഭിച്ചിരുന്നില്ല.
എന്നാൽ, നിലവിൽ കരാർ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പോളുകൾ സ്ഥാപിക്കപ്പെടുന്നതെന്നും ഇതിൽ കോർപറേഷൻ അധികൃതർക്കും ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. പോൾ സ്ഥാപിക്കുന്നതിന് കൗൺസിലർമാരുടെ കത്ത് വേണം, പോളുകൾ പെയിന്റ് ചെയ്യണം, ടാഗ് ചെയ്യണം തുടങ്ങിയ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്നും അരിസ്റ്റോട്ടിൽ കൂട്ടിച്ചേർത്തു.
കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയപ്പോൾ തന്നെ കോർപറേഷൻ സെക്രട്ടറി താൽക്കാലികമായി പ്രവൃത്തി മുഴുവൻ അവസാനിപ്പിക്കാനും അനധികൃതമായ പോളുകൾ നശിപ്പിക്കാനും ഉത്തരവിട്ടുവെന്നും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ബെന്നി ഫെർണാണ്ടസ് വ്യക്തമാക്കി.
പലിശയില്ലാതെ കെട്ടിട നികുതി അടക്കാം
കോർപറേഷൻ പരിധിയിൽ താമസിക്കുന്ന നികുതി കുടിശ്ശികയുള്ളവര്‍ക്ക് പലിശയില്ലാതെ കെട്ടിട നികുതി അടക്കാന്‍ ഇനിയും അവസരമുണ്ടെന്ന് മേയര്‍ എം. അനില്‍കുമാര്‍ കൗൺസിലിൽ അറിയിച്ചു. 2016 മുതലുള്ള നികുതി കുടിശ്ശിക അടക്കണമെന്ന് കാട്ടി നിലവില്‍ നോട്ടീസ് ലഭിച്ചവര്‍ക്കാണ് അവസരം.
രണ്ടുതവണയായി നടത്തിയ അദാലത്തില്‍ കെട്ടിട നികുതി സംബന്ധിച്ച് 2676 പരാതിയാണ് ആകെ ലഭിച്ചത്. ഇതില്‍ 2517 എണ്ണം തീര്‍പ്പാക്കി. ശേഷിക്കുന്നവ ഡേറ്റ പ്രോസസിങ്ങിലാണ്. കെ`സ്മാര്‍ട്ടുമായി ബന്ധപ്പെട്ട തടസ്സം പരിഹരിക്കാൻ സോണല്‍ ഓഫിസുകളില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെയും പരിഹാരം കാണാനായില്ലെങ്കില്‍ സെക്രട്ടറിയെയോ ഡെപ്യൂട്ടി മേയറെയോ മേയറെയോ നേരിട്ട് സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാര ലൈസന്‍സ് പുതുക്കുന്നതിന് ഈ മാസം 31വരെ സമയം നീട്ടിയതായും മേയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.