കൊച്ചി: ഭിന്നശേഷിക്കാർക്കായി 70 ലക്ഷം രൂപ ചെലവഴിച്ച് സ്കൂട്ടർ വിതരണം നടത്തിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യു.ഡി.എഫ് കൗൺസിൽ യോഗം ബഹിഷ്കരിച്ചു. കോർപറേഷന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു സ്കൂട്ടർ വിതരണം.
സൈഡ് വീലോട് കൂടിയ സ്കൂട്ടർ വിതരണം ചെയ്യുന്നതിന് വാഹനനിർമാതാക്കളിൽനിന്നും അംഗീകൃത വിതരണക്കാരിൽനിന്നുമാണ് ടെൻഡർ ക്ഷണിച്ചത്. എന്നാൽ, ഇതുരണ്ടുമല്ലാത്ത കെൽട്രോണിന് ടെൻഡർ നൽകിയതിൽ അഴിമതിയുണ്ടെന്ന് യു.ഡി.എഫ് കൗൺസിലർ എം.ജി. അരിസ്റ്റോട്ടിൽ ആരോപിച്ചു. ഇടനിലക്കാരെ പോലെയാണ് കെൽട്രോൺ പ്രവർത്തിച്ചതെന്ന് അരിസ്റ്റോട്ടിൽ കുറ്റപ്പെടുത്തി.
ഇതിന് മറുപടി പറയാൻ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എഴുന്നേറ്റെങ്കിലും പ്രതിപക്ഷ ബഹളത്തിൽ അദ്ദേഹത്തിന്റെ സംസാരം തടസ്സപ്പെട്ടു. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് മേയർ പറഞ്ഞു. ഇ-ടെൻഡർ വഴിയാണ് കെൽട്രോണിനെ തെരഞ്ഞെടുത്തത്. കൗൺസിൽ പാസാക്കി ഡി.ടി.പി.സി അംഗീകാരത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്നും മേയർ വ്യക്തമാക്കി. ചെയർമാനെ സംസാരിക്കാൻ അനുവദിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചാണ് പ്രതിപക്ഷം എത്തിയതെന്ന് മേയർ കുറ്റപ്പെടുത്തി.
ആഗസ്റ്റ് 16നാണ് 42 പേർക്ക് സ്കൂട്ടർ നൽകിയതെന്ന് റെനീഷ് പറഞ്ഞു. ആർ.സി ബുക്ക് ലഭിച്ചാലുടൻ ആർ.ടി.ഒയെ നേരിൽകണ്ട് സാക്ഷ്യപ്പെടുത്തണമെന്നും എന്നാൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ ലഭിക്കൂവെന്നും അറിയിപ്പ് നൽകിയിരുന്നു.
സെപ്റ്റംബർ ഒന്നിനാണ് ഉപഭോക്താവിന്റെ സ്കൂട്ടർ കത്തിയത്. ആർ.സി ബുക്ക് കൈപ്പറ്റിയെങ്കിലും ആർ.ടി.ഒയുടെ സാക്ഷ്യപത്രമില്ലാത്തതിനാലാണ് ഇൻഷുറൻസ് നിഷേധിക്കപ്പെട്ടത്. പരാതിക്കാരന് പുതിയ സ്കൂട്ടർ നൽകാമെന്ന് ഇൻഷുറൻസ് കമ്പനി അറിയിച്ചിട്ടുണ്ട്. അപകടം സംഭവിച്ച മറ്റൊരു യുവതിക്ക് ഇൻഷുറൻസ് ലഭിച്ചെന്നും റെനീഷ് പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യശേഖരണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ഭരണ-പ്രതിപക്ഷ കൗൺസിലർമാർ വ്യക്തമാക്കി. സമീപ മുനിസിപ്പാലിറ്റികളിലെ മാലിന്യം നഗരത്തിന്റെ പല ഭാഗത്തും തള്ളുകയാണ്.
മാലിന്യനീക്കം തടസ്സപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കെതിരെ പൊലീസ് സഹായത്തോടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.