കൊച്ചി: ഗതാഗതക്കുരുക്കും ബസുകളുടെ കുറവും. യാത്രാക്ലേശത്തിൽ വലയുകയാണ് ജില്ലയിലെ കെ.എസ്.ആർ.ടി.സി യാത്രക്കാർ. നഗരത്തിലെ അഴിയാത്ത ഗതാഗതക്കുരുക്കും വിവിധ ഡിപ്പോകളിലെ ബസ് ദൗർലഭ്യവുമാണ് യാത്രക്കാരെ വലക്കുന്നത്. ഇത് മൂലം ദേശസാത്കൃത റൂട്ടുകളിലടക്കം യാത്രക്കാർ ദുരിതം സഹിക്കുകയാണ്. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന ഏറെ തിരക്കുള്ള എറണാകുളം-മൂവാറ്റുപുഴ അടക്കം റൂട്ടുകളിലെ യാത്രക്കാരാണ് ഏറെ ദുരിതം പേറുന്നത്.
ഓണത്തിന് ശേഷം നഗരത്തിൽ രൂപപ്പെട്ട സ്ഥിരമായ ഗതാഗതക്കുരുക്കിനൊപ്പം ബസുകളില്ലാത്തതും ഇവർക്ക് തിരിച്ചടിയാവുകയാണ്. തിരക്കേറിയ രാവിലെയും വൈകുന്നേരവുമാണ് കൂടുതൽ ബുദ്ധിമുട്ട്. മണിക്കൂറുകൾ കാത്ത് നിന്ന് ബസ് കിട്ടിയാൽ തന്നെ അഴിയാകുരുക്കിൽ അകപ്പെടും. എറണാകുളം- മൂവാറ്റുപുഴ റൂട്ടിൽ ഒരു മണിക്കൂർ 40 മിനിറ്റാണ് ബസുകളുടെ റണ്ണിങ് സമയം. എന്നാൽ, തിക്കേറിയ ഈ സമയത്ത് രണ്ടര മുതൽ മൂന്ന് മണിക്കൂറെടുത്താണ് ബസുകൾ ലക്ഷ്യത്തിലെത്തുന്നത്. നഗരത്തിലേയും സമീപപ്രദേശങ്ങളിലെയും വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും വിദ്യാർഥികളുമാണ് ഈ സമയങ്ങളിലെ യാത്രക്കാരിൽ ഭൂരിഭാഗവും.
ദേശസാത്കൃത റൂട്ടുകളിലെ യാത്രാക്ലേശം സംബന്ധിച്ച പരാതികൾക്ക് ഏറെ പഴക്കമുണ്ട്. എന്നാൽ, പരിഹാരം മാത്രം അന്യമാണ്. ജില്ലയിലെ പ്രധാന ദേശസാത്കൃത റൂട്ടായ എറണാകുളം- മൂവാറ്റുപുഴ റൂട്ടിലാണ് പ്രധാന പരാതി. തിരക്കേറിയ സമയത്തെ ബസ് ദൗർലഭ്യവും ബസുകളുടെ സമയക്ലിപ്തതയില്ലായ്മയുമാണ് ഇതിൽ പ്രധാന വില്ലൻ. എറണാകുളം, മൂവാറ്റുപുഴ, തൊടുപുഴ ഡിപ്പോകളിൽനിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ഈ റൂട്ടിലെ പ്രധാന സർവിസ്. ഇതിന് പുറമേ വൈറ്റില- മൂവാറ്റുപുഴ റൂട്ടിൽ ഓർഡിനറി സർവിസുകളുമുണ്ട്.
എറണാകുളം നഗരത്തിലേക്കുള്ള ദീർഘ ദൂരയാത്രക്കാർ ഭൂരിഭാഗവും ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ആശ്രയിക്കുന്നത്. എന്നാൽ, കാലപ്പഴക്കം മൂലം ബസുകൾ അടിക്കടി തകരാറിലാവുന്നതും മറ്റ് റൂട്ടുകളിലേക്കും ഡിപ്പോകളിലേക്കും വഴിമാറ്റുന്നതും തിരിച്ചടിയാകുകയാണ്. ഏറെ തിരക്കേറിയതും ലാഭകരവുമായ റൂട്ടിലെ യാത്രക്കാരോടാണ് ഈ ചിറ്റമ്മ നയം.
കെ.എസ്.ആർ.ടി.സി ബസുകൾ സ്പെഷ്യൽ ഡ്യൂട്ടിക്കായി പോകുമ്പോഴുള്ള യാത്രാക്ലേശം പരിഹരിക്കാനായി കൂടുതൽ ഓർഡിനറി ബസുകൾ രംഗത്തിറക്കുമെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ റോയി ജേക്കബ്. യാത്രക്കാർ കൂടുതലുളള റൂട്ടുകളിൽ ഇതിന് മുൻഗണന നൽകുമെന്ന് അദേഹം മാധ്യമ ത്തോട് പറഞ്ഞു. പരമാവധി യാത്രാക്ലേശം ഒഴിവാക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സീസൺ ആരംഭിച്ചതോടെ ജില്ലയിൽനിന്ന് സ്പെഷ്യൽ സർവിസായി പോകുന്നത് 42 ബസുകളാണ്. ഇതെല്ലാം തന്നെ കെ.എസ്.ആർ.ടി.സിയുടെ ഫാസ്റ്റ്- സൂപ്പർഫാസ്റ്റ് ബസുകളാണ്. ഇക്കൂട്ടത്തിൽ 19 എ.സി ബസുകളും ഉൾപ്പെടുന്നുണ്ട്. സീസൺ കഴിഞ്ഞാലേ ഇവ തിരിച്ചെത്തൂ. ഇത്രയും ബസുകൾ കൂട്ടത്തോടെ മാറുന്നത് ഈ റൂട്ടുകളിലെ യാത്രാക്ലേശം ഇരട്ടിയാക്കും. കാര്യമായ ബദൽ സംവിധാനങ്ങളൊന്നും ഇതുവരെ ഇക്കാര്യത്തിൽ അധികൃതർ ഏർപ്പെടുത്തിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.