കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ ജില്ലയിൽ മുന്നണികൾ ശുഭപ്രതീക്ഷയിൽ. എറണാകുളം ലോക്സഭ മണ്ഡലത്തിലും ജില്ലയിൽ ഉൾപ്പെടുന്ന ചാലക്കുടി, ഇടുക്കി, കോട്ടയം ലോക്സഭ മണ്ഡലങ്ങളിലുമാണ് മുന്നണികൾ ശുഭപ്രതീക്ഷ പുലർത്തുന്നത്. ഒരുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വോട്ടെണ്ണൽ. ജില്ലയിലെ എറണാകുളം, കൊച്ചി, തൃക്കാക്കര, കളമശ്ശേരി, തൃപ്പൂണിത്തുറ, പറവൂർ, വൈപ്പിൻ മണ്ഡലങ്ങൾ എറണാകുളം ലോക്സഭ മണ്ഡലത്തിലും ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് മണ്ഡലങ്ങൾ ചാലക്കുടിയിലും മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങൾ ഇടുക്കിയിലും പിറവം മണ്ഡലം കോട്ടയത്തുമാണ് ഉൾപ്പെടുന്നത്. നാല് ലോക്സഭ മണ്ഡലങ്ങളിൽപെടുന്ന ജില്ലയെന്ന സവിശേഷതയും എറണാകുളത്തിനുണ്ട്.
പരമ്പരാഗത യു.ഡി.എഫ് മണ്ഡലമായ എറണാകുളത്ത് ഇക്കുറിയും അട്ടിമറിയൊന്നുമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ഇവിടെ അമ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷമാണ് അവർ കണക്കുകൂട്ടുന്നത്. കോൺഗ്രസ് സ്ഥാനാർഥി ഹൈബി ഈഡനും സി.പി.എമ്മിലെ കെ.ജെ. ഷൈനും തമ്മിലാണ് പ്രധാന മത്സരം. ബി.ജെ.പി സ്ഥാനാർഥിയായി ഡോ. കെ.എസ്. രാധാകൃഷ്ണനും മത്സരിക്കുന്നുണ്ട്. എന്നാൽ, ജില്ലയിൽ ഉൾപ്പെടുന്ന ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ ഇടത് മുന്നണി അട്ടിമറി പ്രതീക്ഷയിലാണ്. ഇവിടെ ട്വന്റി20 സ്ഥാനാർഥിയുടെ സാന്നിധ്യമാണ് കാരണം. എന്നാൽ, ഇതൊന്നും ബാധിക്കില്ലെന്ന നിലപാടിലാണ് യു.ഡി.എഫ് ക്യാമ്പ്. കോൺഗ്രസിലെ സിറ്റിങ് എം.പി ബെന്നി ബഹനാനും സി.പി.എമ്മിലെ മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും തമ്മിലാണ് ഇവിടെ മത്സരം. ഒപ്പം ട്വന്റി20, എൻ.ഡി.എ സ്ഥാനാർഥികളും രംഗത്തുണ്ട്. മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇടുക്കിയിലും കോട്ടയത്തും യു.ഡി.എഫ് ക്യാമ്പ് വിജയമുറപ്പിച്ച മട്ടാണ്. എന്നാൽ, ഇവിടങ്ങളിൽ അട്ടിമറി പ്രതീക്ഷയിലാണ് ഇടത് മുന്നണി. ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കന്നിയങ്കത്തിനിറങ്ങിയ ട്വന്റി20യുടെ പ്രകടനമെന്താകും എന്നതും ശ്രദ്ധേയമാകും.
വോട്ടെണ്ണലുമായി ബന്ധപ്പെട്ട ഒരുക്കം പൂര്‍ത്തിയായി. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുസാറ്റിലും ചാലക്കുടി മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആലുവ യു.സി കോളജിലുമാണ് നടക്കുക. വോട്ടെണ്ണൽ കേന്ദ്രത്തിലെ ക്രമീകരണം നിരീക്ഷകരായ സൻയുക്ത സമ്മദാർ, ശീതൾ ബസവരാജ് തേലി ഉഗേലി, ജുമുംഗുപുഡുംഗ് തുടങ്ങിയവർ വിലയിരുത്തി. കലക്ടർ എൻ.എസ്.കെ. ഉമേഷ് അടക്കമുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ജീവനക്കാര്‍ക്കുള്ള പരിശീലനം പൂർത്തിയായി. വോട്ടെണ്ണല്‍ ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ രാവിലെ ആറിന് അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം. ജീവനക്കാരുടെ മൂന്നാമത്തെയും അവസാനത്തെയും റാന്ഡമൈസേഷൻ നാലിന് പുലർച്ച അഞ്ചിന് നടക്കും. ഇതിലാണ് ഏത് ടേബിളിലാണ് ഡ്യൂട്ടിയെന്ന് വ്യക്തമാകുന്നത്. വോട്ടെണ്ണല്‍ ഹാളില്‍ മൊബൈല്‍ ഫോൺ അനുവദിക്കില്ല.
വോട്ടെണ്ണലിൽ ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുന്നത്. എറണാകുളം മണ്ഡലത്തില്‍ ആകെ 6902ഉം ചാലക്കുടി മണ്ഡലത്തില്‍ 10705ഉം പോസ്റ്റല്‍ വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 8.30നാണ് വോട്ടുയന്ത്രത്തിലെ വോട്ട് എണ്ണി തുടങ്ങുക. എണ്ണുന്ന ഓരോ മേശയിലും നാല് ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയില്‍ അഞ്ച് ഉദ്യോഗസ്ഥരുമുണ്ടാകും. സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണല്‍. എറണാകുളം മണ്ഡലത്തില്‍ വോട്ടുയന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിന് 399 ജീവനക്കാരും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിന് 177 ജീവനക്കാരുമുണ്ട്.
ചാലക്കുടി മണ്ഡലത്തില്‍ ഇത് യഥാക്രമം 399, 147 എന്നിങ്ങനെയാണ്. സ്ട്രോങ് റൂം, കൗണ്ടിങ് ഹാളിന്റെ മുന്‍വശം എന്നിവിടങ്ങളില്‍ കേന്ദ്ര ആംഡ് പൊലീസും കേന്ദ്രത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ സംസ്ഥാന പൊലീസും രണ്ടാം ഗേറ്റ് മുതല്‍ സംസ്ഥാന ആംഡ് പൊലീസും സുരക്ഷയൊരുക്കും. സ്ഥാനാര്‍ഥികളെയും അവരുടെ ഏജന്റിനെയും സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം ചെയ്യുന്ന കൗണ്ടിങ് ഏജന്റുമാരെയും മാത്രമേ വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിപ്പിക്കൂ. മുഴുവന്‍ റൗണ്ടുകളും പൂര്‍ത്തിയായ ശേഷമായിരിക്കും വിവിപാറ്റ് മെഷീനുകള്‍ എണ്ണുക. ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവിപാറ്റ് മെഷീനുകളിലെ രസീതുകളാണ് എണ്ണുന്നത്. വോട്ടെണ്ണലിനു ശേഷം വോട്ടുയന്ത്രങ്ങളും വിവിപാറ്റ് യന്ത്രങ്ങളും അതത് നിയമസഭാ മണ്ഡലം തിരിച്ച് സ്ട്രോങ് റൂമിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.