കൊച്ചി: പൈതൃകങ്ങൾ സംരക്ഷിച്ച്, നൂതന പദ്ധതികൾ അവതരിപ്പിച്ച് അടുത്ത 25 വർഷം മുന്നിൽക്കണ്ട് നഗരത്തിന്റെ വികസനം വിഭാവനം ചെയ്യുന്ന മാസ്റ്റർ പ്ലാനിന് അംഗീകാരം. ഐ.ടി ഇന്‍ഡസ്ട്രീസ്, ഹോള്‍സെയില്‍ മാര്‍ക്കറ്റ്, അര്‍ബന്‍ അഗ്രികള്‍ചര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നീ മൂന്ന് സ്പെഷല്‍ സോണുകള്‍ മാസ്റ്റര്‍ പ്ലാനിലുണ്ട്. വെള്ളക്കെട്ട് പ്രദേശങ്ങളുടെ പുനരുദ്ധാരണം മുതൽ മറൈന്‍ ഡ്രൈവ് വികസനം, മട്ടാഞ്ചേരിയില്‍ ഹെറിറ്റേജ് സോണ്‍, ബഫര്‍സോണ്‍ ഇളവുകള്‍ എന്നിവയും ഇതിൽ ഇടംപിടിച്ചിട്ടുണ്ട്. നയപരമായ പല നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കെട്ടിടനിര്‍മാണം ഉൾപ്പെടെ അപ്രായോഗിക നിബന്ധനങ്ങളില്‍ നിന്നൊക്കെയും ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ ഒരാഴ്ചകൂടി സമയം നീട്ടിയിട്ടുണ്ട്. അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്താതെ ആവശ്യമായ മാറ്റം വരുത്തി ക്രിസ്മസിന് ശേഷം മാസ്റ്റര്‍പ്ലാൻ സര്‍ക്കാറിന് സമര്‍പ്പിക്കും. സര്‍ക്കാർ അനുമതി ലഭിച്ചാൽ കൊച്ചി കോര്പറേഷൻ പരിധിയിയിൽ പുതിയ മാസ്റ്റര്‍ പ്ലാനാണ് ബാധകമാകുന്നത്. മോഡ്യൂള്‍ മാപ്പില്‍ സര്‍വേ നമ്പറുകള്‍ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ കെട്ടിട നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ എളുപ്പത്തിൽ ചെയ്യാന്‍ കഴിയും. കോര്പറേഷന് വെബ്സൈറ്റിലും നിര്‍ദിഷ്ട മാപ്പുകള്‍ ലഭിക്കും. ജിയോ റഫറന്‍സ് ചെയ്ത ബേസ് മാപ്പില്‍ ജി.ഐ.എസ് പ്ലാറ്റ്ഫോമിലാണ് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്.
നഗരത്തിലെ പൈതൃക പ്രാധാന്യമുള്ള സ്ഥലങ്ങള്‍ അന്താരാഷ്ട്ര മാതൃകയിൽ സംരക്ഷിച്ചുകൊണ്ടായിരിക്കും മാസ്റ്റർ പ്ലാൻ നടപ്പാക്കുക. കെട്ടിടങ്ങള്‍, പരിസ്ഥിതിലോല പ്രദേശങ്ങള്‍ എന്നിവയുടെ സംരക്ഷണവുമുണ്ടാകും. ഉചിതമായ ഭൂവിനിയോഗത്തിലൂടെ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടത്തുക വഴി കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും കഴിയുമെന്നാണ് കോർപറേഷൻ അധികൃതരുടെ പ്രതീക്ഷ.
കൊച്ചി കോർപറേഷനിലെ നിലവിലെ മാസ്റ്റർ പ്ലാനിന് 53 വർഷത്തെ പഴക്കമാണുള്ളത്. 1970 ലാണ് കൊച്ചിക്ക് ആദ്യമായി മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാകുന്നത്. എന്നാലത് ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റേതായിരുന്നു. കൊച്ചി കോര്‍പറേഷന്റേതായ മാസ്റ്റര്‍ പ്ലാനിന് ദിനേശ് മണി മേയറായ ഘട്ടത്തില്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. മാസ്റ്റര്‍ പ്ലാനിന്റെ കാലാവധി 25 വര്‍ഷമായിരിക്കെ 50 വര്‍ഷമായി 1970 ലെ മാസ്റ്റര്‍ പ്ലാനാണ് കൊച്ചിയില്‍ നടപ്പാക്കിവരുന്നത്. പുതിയത് നടപ്പാകുന്നതോടെ കെട്ടിട നിര്‍മാണം ഉൾപ്പെടെ നേരിട്ടുന്ന തടസ്സങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നും മേയര്‍ പറഞ്ഞു.
പൊതുഗതാഗത സംവിധാനങ്ങളിലൂടെ നഗരവികസനം സാധ്യമാക്കുന്നതിനും മാസ്റ്റർ പ്ലാനിൽ നിർദേശങ്ങളുണ്ട്. ട്രാന്‍സിസ്റ്റ് ഓറിയന്റഡ് ഡെവലപ്മെന്റ് (ടി.ഒ.ഡി) എന്ന ആശയത്തിലൂടെയാണ് ഇത് നടപ്പാക്കുക. മെട്രോ പാത കടന്നുപോകുന്ന ഇടങ്ങളില്‍ ഇരുവശവും 5000 മീറ്ററില്‍ വാണിജ്യ, പാര്‍പ്പിട നിര്‍മാണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതാണ് ഇതില്‍ പ്രധാനം.
ഇളവിന് പകരമായി ഗുണഭോക്താക്കള്‍ സൗകര്യപ്രദമായ സ്ഥങ്ങളില്‍ ലൈഫ് മാതൃകയില്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്.
ഓരോ ഡിവിഷനുകളിലും കളിസ്ഥലങ്ങള്‍, പാര്‍ക്ക്, മാലിന്യസംസ്കരണ സംവിധാനം, വെല്‍നസ് സെന്റര്‍, അംഗൻവാടി എന്നിവ ഒരേ ഇടത്തില്‍ ഒരുമിച്ച് കൊണ്ടുവന്ന് ഓപൺ സ്പേസിലെ ക്രിയാത്മകമായി ഉപയോഗിക്കുന്ന നിര്‍ദേശങ്ങളും മാസ്റ്റര്‍ പ്ലാനിലുണ്ട്. അഹ്മദാബാദ് സെപ്റ്റ് യൂനിവേഴ്സിറ്റിയുടെ സഹകരണത്തോടെയാകും ലോക്കല്‍ ഏരിയ പ്ലാന്‍ നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകൾ ജനുവരിയിൽ നടക്കും.
മാസ്റ്റര്‍ പ്ലാനുമായി ബന്ധപ്പെട്ട് ഇതുവരെ 173 പരാതികളാണ് ലഭിച്ചിട്ടുള്ളത്. റോഡിന്റെ വീതി കൂട്ടല്‍, കെട്ടിടങ്ങള്‍ പൊളിച്ചു നീക്കല്‍ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പരാതികളേറെ. വിവിധ ഘട്ടങ്ങളിലായി നടത്തിയ ചര്‍ച്ചകളിലൂടെയും മീറ്റിങ്ങുകളിലൂടെയും ഈ പരാതികള്‍ക്ക് പരിഹാരം കണ്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മാസ്റ്റര്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയതെന്ന് മേയർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.