മട്ടാഞ്ചേരി: കൊച്ചി മെട്രോയുടെ മട്ടാഞ്ചേരി ജലമെട്രോ ജെട്ടി നിർമാണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. മട്ടാഞ്ചേരി ജലമെട്രോ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം സമർപ്പിച്ചു. തുടർന്ന് വിശദാംശങ്ങൾ കേട്ടറിഞ്ഞ് വിഷയത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി പരിഹാരം കാണാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
ജലമെട്രോ ജെട്ടി നിർമാണത്തിൽ ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കേണ്ട മട്ടാഞ്ചേരി ജെട്ടി രണ്ടാം ഘട്ട ഉദ്ഘാടന വേളയിലും ഒരു ഇഷ്ടികപോലും സ്ഥാപിക്കാനാവാത്ത അവസ്ഥയിലാണ്. 2019ൽ തുടങ്ങിയ ജെട്ടി നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിൽതന്നെ കരാറുകാരൻ അഡ്വാൻസ് കൈപ്പറ്റി പിന്മാറിയിരുന്നു. തുടർന്ന് വീണ്ടും ടെൻഡർ ക്ഷണിച്ചെങ്കിലും ഏറ്റെടുക്കാൻ ആരും തയാറാകാതെ അനിശ്ചിതത്വത്തിലായി.
ഇതേ തുടർന്ന് നിരവധി സംഘടനകൾ മെട്രോ ജെട്ടിക്കായി സമരവും നടത്തിയിരുന്നു. വ്യാപാരി സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിലും രൂപവത്കരിച്ചു. ഇതിനിടെ ജലമെട്രോ അധികൃതരുമായി ചർച്ച നടന്നെങ്കിലും പ്രാദേശിക പ്രശ്നങ്ങൾ ഉയർത്തി പ്രതിസന്ധി തുടരുകയായിരുന്നു. തുടർന്നാണ് മട്ടാഞ്ചേരി ജലമെട്രോ ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്. കെ.ജെ. മാക്സി എം.എൽ.എയുടെ സാന്നിധ്യത്തിൽ ആലുവ ഗെസ്റ്റ് ഹൗസിൽ വെച്ചാണ് കൗൺസിൽ പ്രസിഡന്റ് കിഷോർ ശ്യാംജി കുറുവ, വൈസ് പ്രസിഡന്റ് എക്സൽ ബാലചന്ദ്രൻ, കൺവീനർ ഭരത് എൻ. ഖോന, സെക്രട്ടറി അറാഫത്ത് നാസർ എന്നിവർ ചേർന്ന് നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.