കൊച്ചി: സെറിഫെഡിനെ (കേരള സ്റ്റേറ്റ് സെറികൾചർ കോഓപറേറ്റിവ് ഫെഡറേഷൻ ലിമിറ്റഡ്) തകർത്തത് ആറുമാസത്തേക്ക് നാമനിർദേശം ചെയ്ത ഡയറക്ടർ ബോർഡ് നടത്തിയ ദുർഭരണമാണെന്ന് ഹൈകോടതി.
ഈ ഡയറക്ടർ ബോർഡ് താലൂക്ക് തലത്തിൽ സെറികൾചർ സംഘങ്ങളെ അഫിലിയേറ്റ് ചെയ്യാൻ നടപടി സ്വീകരിച്ചില്ലെന്നും ബോർഡ് പ്രവർത്തനം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവിൽ പറയുന്നു. സെറിഫെഡിനെ പുനരുജ്ജീവിപ്പിക്കണം അടക്കം ആവശ്യങ്ങൾ ഉന്നയിച്ച ഹരജികളിലെ ഉത്തരവിലാണ് ഹൈകോടതി ഇക്കാര്യം വ്യക്തമാക്കിയത്. നാമനിർദേശം ചെയ്ത ഡയറക്ടർ ബോർഡ് ആറു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ ബോർഡിന് രൂപം നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല. 17 താലൂക്ക് തല സംഘങ്ങളിൽ അഞ്ചെണ്ണത്തിന് മാത്രമാണ് അഫിലിയേഷൻ നൽകിയത്. ഇതുമൂലം ഡയറക്ടർ ബോർഡിന് വർഷങ്ങളോളം തുടരാൻ സാധിച്ചു. ജനറൽ ബോഡി യോഗങ്ങളോ ബജറ്റ് അവതരണമോ ഉണ്ടായില്ല. ഇങ്ങനെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായിരുന്നെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
2010 ലാണ് സെറിഫെഡ് പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് ജീവനക്കാരെ പുനർ വിന്യസിപ്പിച്ചു. സെറിഫെഡ് പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ 2015 ൽ ഇതിന് സർക്കാർ തീരുമാനം എടുത്തു. എന്നാൽ, 2017 ൽ പുനരുജ്ജീവിപ്പിക്കേണ്ടതില്ലെന്ന് ഉത്തരവിറക്കി. ഇതിനെതിരെയാണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. നയതീരുമാനത്തിന്റെ പേരു പറഞ്ഞ് സെറിഫെഡിനെ പുനരുജ്ജീവിപ്പിക്കുന്നതിൽനിന്ന് സർക്കാർ പിന്നാക്കം പോയത് ന്യായമല്ലെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു. തുടർന്നാണ് സെൻട്രൽ സിൽക്ക് ബോർഡ്, സെറിഫെഡ്, ഹാൻഡ്ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ എന്നിവർ നിർദേശിക്കുന്ന അംഗങ്ങൾ ഉൾപ്പെട്ട സമിതി സെറിഫെഡ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത പരിശോധിച്ച് പദ്ധതി തയാറാക്കി സർക്കാറിന് സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.