കൊച്ചി: ഇന്ത്യയുടെ സമുദ്രമത്സ്യ സമ്പത്തിലേക്ക് പുതിയ ഒരിനം കൂടി. വറ്റ കുടുംബത്തിൽപെട്ട പുതിയ മീനിനെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം () കണ്ടെത്തി. വറ്റകളിൽതന്നെയുള്ള 'ക്വീൻഫിഷ്' വിഭാഗത്തിൽപെടുന്ന ഇതിനെ ശാസ്ത്രീയ പഠനങ്ങളിലൂടെയാണ് പുതിയ മത്സ്യമാണെന്ന് തിരിച്ചറിഞ്ഞത്. 'സ്കോംബറോയിഡ്സ് പെലാജിക്കസ്' എന്നാണ് സി.എം.എഫ്.ആർ.ഐയിലെ ശാസ്ത്രജ്ഞർ ഇതിന് പേരിട്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കിടയിൽ പോളവറ്റ എന്നാണ് ഇതിന്റെ വിളിപ്പേര്.
ഇന്ത്യൻ തീരങ്ങളിൽ 60ഓളം വറ്റയിനങ്ങളുണ്ട്. അവയിൽ നാല് ക്വീൻഫിഷുകളാണ് നിലവിലുണ്ടായിരുന്നത്. അഞ്ചാമത്തെ ക്വീൻഫിഷാണ് പുതുതായി കണ്ടെത്തിയ പോളവറ്റ. നേരത്തേ ഈ വിഭാത്തിൽപെട്ട മൂന്ന് മീനുകൾക്ക് വംശനാശം സംഭവിച്ചിരുന്നു. ഇത്തരത്തിൽ അടുത്ത കാലത്തായി പല മീനുകൾക്കും വംശനാശം സംഭവിക്കുമ്പോൾ സമുദ്രജൈവ വൈവിധ്യത്തിന് ശക്തിപകരുന്നതാണ് പോളവറ്റയുടെ കണ്ടെത്തലെന്ന് മീനിനെ കണ്ടെത്താൻ നേതൃത്വം നൽകിയ സി.എം.എഫ്.ആർ.ഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദ് പറഞ്ഞു.
കേരളത്തിലുൾപ്പെടെ ധാരാളമായി പിടിക്കപ്പെടുന്ന മത്സ്യമാണിത്. കിലോക്ക് 250 രൂപവരെ വിലയുണ്ട്. മാംസളമായ ശരീരഘടനയുള്ള ഇത് മറ്റ് വറ്റയിനങ്ങളെ പോലെ തന്നെ രുചികരമാണ്. ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.