കൊച്ചി: പൂട്ടിക്കിടക്കുന്ന വീടുകളിൽ കയറി സാധനങ്ങൾ കൊണ്ടുപോകുന്നത്, പട്ടാപ്പകൽ വാഹനങ്ങളുമായി കടന്നുകളയുന്നത് തുടങ്ങി പലതരത്തിൽ മോഷണങ്ങളുമായി കുറ്റവാളികൾ ചുറ്റുമുണ്ട്. മഴക്കാലമെത്തിയതോടെ സാഹചര്യം ദുരുപയോഗം ചെയ്ത് മോഷ്ടാക്കൾ കൂടുതൽ സജീവമാകാനുള്ള സാധ്യത ചൂണ്ടിക്കാട്ടുകയാണ് അധികൃതർ. ശക്തമായ മഴയുള്ള സാഹചര്യങ്ങളിൽ ആളുകളുടെ ശ്രദ്ധതിരിച്ച് മഴയുടെ ശബ്ദത്തിന്റെ മറവിൽ മോഷണം നടത്തുന്ന സംഭവങ്ങൾ മുൻവർഷങ്ങളിലടക്കം നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്ക് തടയിടാൻ മുൻകരുതൽ സ്വീകരിക്കണമെന്നാണ് പൊലീസ് നിർദേശം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി മഴക്കാലത്ത് പ്രധാന നിരത്തുകളടക്കം നേരത്തെ വിജനമാകും.
വീടുകളിലുള്ള ആളുകൾ പതിവിലും നേരത്തെ ഉറങ്ങാനും വൈകി എണീക്കാനും സാധ്യതയുണ്ട്. ഇതൊക്കെ മുതലെടുത്താണ് മഴക്കാല മോഷ്ടാക്കൾ രംഗത്തിറങ്ങുക. വിജനമാകുന്ന വഴികളിൽ ഒറ്റപ്പെടുന്നവരെ ആക്രമിച്ച് കവർച്ച നടത്താനും സാധ്യതയുണ്ട്. ആളുകളുടെ ഉറക്കവും മഴയും മറയാക്കി വീടുകളിൽ കയറിപ്പറ്റാനുമായിരിക്കും ഇത്തരക്കാരുടെ ശ്രമം. അന്തർ സംസ്ഥാന മോഷ്ടാക്കളടക്കം ഈ ഘട്ടത്തിൽ കേരളത്തിലെത്തിയേക്കാമെന്നതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. മഴയുടെ മറവിൽ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കില്ലെന്നതിനാൽ വാഹന മോഷ്ടാക്കളെയും കരുതിയിരിക്കണം. പുലർച്ചെ രണ്ട് മുതൽ നാല് വരെയുള്ള സമയത്താണ് ഇത്തരം മോഷ്ടാക്കൾ പ്രധാനമായും മോഷണത്തിന് തെരഞ്ഞെടുക്കുന്നത്. ആശുപത്രികൾ, മറ്റ് സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും പ്രത്യേക ശ്രദ്ധപുലർത്തണം.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ ജില്ലയിൽ നടന്നത് പലതരം മോഷണങ്ങൾ. പാഴ്വസ്തുക്കൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തുന്ന നാടോടി സ്ത്രീകൾ പിടിയിലായത് കളമശ്ശേരിയിലാണ്. ആലങ്ങാട് വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്ത് വില പിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം കടത്തിക്കൊണ്ടുപോയ സംഭവവുമുണ്ടായി. പെരിങ്ങാലയിലും സമാനമായ രീതിയിൽ മോഷണം നടന്നു. വിവിധ സ്ഥലങ്ങളിൽ നിന്ന് സൈക്കിളും ഇരുചക്രവാഹനങ്ങളുമൊക്കെ മോഷണം പോയിട്ടുണ്ട്. കേസുകളിൽ പൊലീസ് അന്വേഷണം ശക്തമാണ്.
നമസ്കരിക്കാനെന്ന വ്യാജേന പള്ളിയിൽ കയറി നേർച്ചപെട്ടിയിൽനിന്ന് പണം കവർന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ച സംഭവവും സമീപ ദിവസമാണുണ്ടായത്. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലായിരുന്നു സംഭവം. മോഷ്ടാക്കളെ പിടികൂടുന്നതിന് പ്രത്യേക ശ്രദ്ധയാണ് പൊലീസ് പുലർത്തുന്നത്.
- രാത്രി സമയങ്ങളിൽ വീടിന് പുറത്തെ ലൈറ്റുകൾ പ്രകാശിപ്പിക്കുക.
- രാത്രിയില് മൊബൈൽ ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം.
- വീടുപൂട്ടി യാത്ര പോകുന്നവർ പൊലീസിൽ അറിയിക്കുകയോ പൊലീസിന്റെ പോൽ- ആപ്പിലെ ലോക്കഡ് ഹൗസ് ഇൻഫർമേഷൻ എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
- കുഞ്ഞുങ്ങളുടെ കരച്ചില്, പൈപ്പിലെ വെള്ളം തുറന്നുവിടുന്ന ശബ്ദം തുടങ്ങി അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അയൽവാസികളെ അറിയിക്കുക.
- രാത്രിയിൽ വാതിലുകളും ജനലുകളും അടച്ചെന്ന് ഉറപ്പാക്കുക.
- പകൽ സമയത്ത് പുറത്തെ ലൈറ്റുകൾ തെളിഞ്ഞുകിടക്കുന്നത്, പാൽ, പത്രം തുടങ്ങിയവ വീട്ടുമുറ്റത്ത് തന്നെ കിടക്കുന്നത് എന്നിവയൊക്കെ വീട്ടിൽ ആളില്ലെന്ന് ഉറപ്പിക്കാൻ മോഷ്ടാക്കളെ സഹായിക്കുന്ന കാര്യങ്ങളാണ്. ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
- കമ്പിപ്പാര, പിക്കാസ് തുടങ്ങിയ ആയുധങ്ങൾ വീടിന് പുറത്ത് സൂക്ഷിക്കാതിരിക്കുക.
- പൊലീസിന്റെ എമർജൻസി നമ്പറായ 112 അടക്കം ഫോൺ നമ്പറുകൾ സൂക്ഷിച്ചുവെക്കുക.
- സി.സി.ടി.വിയുള്ള വീടുകളിലെ ആളുകൾ അവ എപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.