കൊച്ചി: പലവിധ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ജീവിതം അവസാനിപ്പിക്കുകയെന്ന ചിന്തയിലേക്ക് വീണുപോകുന്ന ആളുകളുടെ എണ്ണം കൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഏതാനും ആഴ്ചകൾക്കിടെ ജില്ലയിൽ പത്തിലധികം ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. കൂടുതലും യുവാക്കളാണ് ജീവൻ അവസാനിപ്പിക്കുന്നത്. പ്രതിസന്ധികളെ തരണം ചെയ്യാനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനും സമൂഹം കൂടുതൽ ജാഗരൂകരാകേണ്ടതിന്റെ ആവശ്യകതയാണ് ഈ മരണങ്ങൾ ഓർമിപ്പിക്കുന്നത്. തുറന്ന് സംസാരിച്ചും മറ്റുള്ളവരുടെ വിഷമങ്ങൾ അറിഞ്ഞ് സഹായിച്ചും അമൂല്യമായ ജീവിതത്തെ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും മുന്നോട്ടുപോകാനാകുമെന്ന യാഥാർഥ്യം തിരിച്ചറിയണമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
ആത്മഹത്യകൾ ആവർത്തിക്കുമ്പോൾ
അങ്കമാലി പാറക്കടവ് പുളിയനത്ത് യുവ ദമ്പതികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. ഇവർ സ്വയം ജീവിതം അവസാനിപ്പിച്ചതാണെന്ന വിലയിരുത്തലിലാണ് പൊലീസ്. മൂവാറ്റുപുഴയിൽ യുവാവിനെ ലോഡ്ജു മുറിയിൽ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പറവൂരിൽ 21കാരനായ യുവാവിനെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, എറണാകുളത്ത് ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയോട് ചേർന്ന താമസസ്ഥലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്, വേങ്ങൂരിൽ യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്, 52 കാരനെ ഉദയംപേരൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് എന്നിവയൊക്കെ സമീപ ആഴ്ചകളിലാണ്. കോലഞ്ചേരിയിൽ കോളജ് അധ്യാപകനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ഞെട്ടലുളവാക്കുന്നതായിരുന്നു. മരടിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമുണ്ടായിരുന്നു.
കുടുംബ പ്രശ്നങ്ങൾ മുതൽ സാമ്പത്തിക തട്ടിപ്പുകൾ വരെ
വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ, സാധാരണക്കാർ മുതൽ പൊലീസുദ്യോഗസ്ഥർ, കോളജ് അധ്യാപകർ വരെ ഉൾപ്പെടുന്നതാണ് ജില്ലയിലെ ആത്മഹത്യ ചെയ്തവരുടെ പട്ടിക. കുടുംബ പ്രശ്നങ്ങൾ, ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, മാനസിക സമ്മർദം, തൊഴിലിടത്തിലെ സമ്മർദം, സാമ്പത്തിക ബാധ്യതകൾ, ഓൺലൈൻ ലോൺ ആപ്പുകളുടെ തട്ടിപ്പുകളിൽ അകപ്പെടുന്നത് എന്നിങ്ങനെ പലവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരും ജീവിതം അവസാനിപ്പിച്ചതെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നു.
വിളിപ്പുറത്തുണ്ട് പിന്തുണ
ആരോഗ്യ സംബന്ധമായ സംശയ നിവാരണം, മാനസിക സമ്മർദം അനുഭവിക്കുന്നവർ, ആത്മഹത്യ പ്രവണതയുള്ളവർ തുടങ്ങിയവർക്ക് പിന്തുണ നൽകുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സർക്കാരിന്റെ ഔദ്യോഗിക സേവനങ്ങളുണ്ട്. മാനസിക പ്രശ്നങ്ങൾ ഒറ്റക്ക് നേരിടേണ്ടതില്ല. ദിശ ഹെൽപ് ലൈൻ, ടെലി മനസ്സ് എന്നിവയുടെ ടോൾഫ്രീ നമ്പറുകളിൽ ഉൾപ്പെടെ വിളിച്ചാൽ വിദഗ്ധരോട് തുറന്ന് സംസാരിച്ച് പിന്തുണ നേടാം. ഫോണിലൂടെ സംസാരിച്ച് പ്രശ്നങ്ങൾ മനസ്സിലാക്കുകയും പരിഹാരം നിർദേശിക്കുകയും പിന്തുണ നൽകുകയും ചെയ്യും. ആവശ്യമെങ്കിൽ നേരിട്ട് കണ്ട് അധികൃതർ പിന്തുണ നൽകും. ദിശ ഹെൽപ് ലൈൻ നമ്പർ- 104, 1056, 0471-2552056. ടെലി മനസ്സ് ടോൾഫ്രീ നമ്പർ- 14416.
‘ദുരഭിമാന ആത്മഹത്യ’യും ‘വാത്സല്യ’കൊലപാതകവും
ഒരു കുടുംബത്തിലെ അധീശത്വമുള്ള അംഗം ആത്മഹത്യ ചിന്തയിലേക്ക് എത്തുമ്പോൾ കുടുംബത്തിലെ ബാക്കിയുള്ളവരും അതിന് സ്വാധീനിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. കുട്ടികളെ കൂടി അവർ കൊലപ്പെടുത്തുന്ന സ്ഥിതിയുമുണ്ടാകുന്നു. സാമ്പത്തിക പ്രശ്നങ്ങളിൽ സമൂഹത്തെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് വരുമ്പോഴുണ്ടാകുന്ന ‘ദുരഭിമാന ആത്മഹത്യ’കളും കുട്ടികളെയും അതിനൊപ്പം ചേർക്കുന്ന ‘വാത്സല്യ’കൊലപാതകവും അരങ്ങേറുന്നത് അപകടകരമാണ്. കുടുബത്തിലെ അധീശത്വമുള്ളയാൾക്ക് ആത്മഹത്യ ചിന്തയുണ്ടാകുമ്പോൾ അതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഇടപെടലിലേക്ക് പോകുകയാണ് ആവശ്യം. മറിച്ച് അത്തരം ചിന്തക്ക് എല്ലാവരും കീഴ്പ്പെട്ടുപോയാൽ കുടുംബ ദുരന്തത്തിലേക്കെത്തും. പ്രതിസന്ധികളിലൂടെ കടന്നുപോകുന്നവരെ തിരിച്ചറിഞ്ഞ് പിന്തുണ നൽകേണ്ടതിന്റെ ഉത്തരവാദിത്തം സമൂഹത്തിനുമുണ്ട്. അവരെ ചേർത്തുപിടിച്ച് പിന്തുണക്കുന്നതിലൂടെ ആത്മഹത്യ സാഹചര്യം ഇല്ലാതാക്കാൻ കഴിയും.
- ഡോ. സി.ജെ. ജോൺ (സൈക്യാട്രിസ്റ്റ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.