കൊച്ചി: വേനൽ കടുത്തതോടെ ജലമോഷണം വ്യാപകമായി. ഫെബ്രുവരി ആദ്യപകുതിയിൽ മാത്രം 29 കേസിൽനിന്ന് 5,43,743 രൂപ പിഴ ഈടാക്കി. വാട്ടർ അതോറിറ്റി പമ്പിങ് മെയിനിൽ സ്ഥാപിച്ച എയർ വാൽവ് ഇളക്കി ഹോസിട്ട് ജലം മോഷ്ടിച്ച കേസിൽ 2,33,000 രൂപയാണ് പിഴയിട്ടത്. വിച്ഛേദിച്ച വാട്ടർ കണക്ഷൻ അനധികൃതമായി തുറന്ന് ജലം ശേഖരിച്ച വ്യക്തിയിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി.
ഗാർഹിക കണക്ഷനിൽനിന്ന് ഹോട്ടലിലേക്ക് ജലം ശേഖരിച്ച് ഉപയോഗിച്ച ഹോട്ടലുടമയിൽനിന്ന് 16,000 രൂപയും വിച്ഛേദിച്ച വാട്ടർ കണക്ഷൻ തുറന്ന് ഒരുമാസം കെട്ടിട നിർമാണത്തിന് ജലം ശേഖരിച്ച രണ്ട് വ്യക്തികളിൽനിന്ന് 16,000 രൂപ വീതവും പൊതുടാപ്പിൽനിന്ന് ഹോസിട്ട 22 പേരിൽനിന്ന് 10,000 രൂപ വീതവും പിഴ ചുമത്തി.
പൊതുടാപ്പിൽനിന്ന് ഹോസിടുക, വാട്ടർ കണക്ഷനിൽ മോട്ടോർ ഘടിപ്പിച്ച് ജലം ശേഖരിക്കുക, വിച്ഛേദിച്ച വാട്ടർ കണക്ഷൻ അനധികൃതമായി തുറന്ന് ജലം ശേഖരിക്കുക, ഗാർഹിക കണക്ഷൻ അനധികൃതമായി ഗാർഹികേതര ആവശ്യങ്ങൾക്ക് ഉപയോഗിക്കുക, നിർമാണ ആവശ്യങ്ങൾക്ക് ഉപയോഗിക്കും തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കേരള വാട്ടർ സപ്ലൈ ആൻഡ് സ്വീേവജ് ആക്ട് 1986 പ്രകാരം നിയമാനുസൃത പിഴ ചുമത്തുകയും ഗുരുതര കുറ്റകൃത്യങ്ങൾക്ക് കണക്ഷൻ വിച്ഛേദിക്കുകയും ചെയ്യുമെന്ന് ആൻറി വാട്ടർ തെഫ്റ്റ് സ്ക്വാഡ് അസി. എക്സിക്യൂട്ടിവ് എൻജിനീയർ വി.സി. അജീഷ് അറിയിച്ചു.
ജലമോഷണം സംബന്ധിച്ച കുറ്റകൃത്യങ്ങളെക്കുറിച്ച് താഴെ പറയുന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് പരാതി നൽകാം. ഫോൺ: 8281597969.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.