കൊച്ചി: പുതുകാലത്തിന്റെ വിജ്ഞാന വിസ്ഫോടനങ്ങളും നാളെയുടെ തൊഴിൽമേഖലകളിലെ അനന്തസാധ്യതകളും ആവോളം പരിചയപ്പെടുത്തി അറിവിന്റെയും അവസരങ്ങളുടെയും ദ്വിദിന ആഘോഷമായ മാധ്യമം എജുകഫേക്ക് കൊച്ചിയിൽ തിരശ്ശീല വീണു. വിജ്ഞാനത്തിനൊപ്പം വിനോദവും അവസരങ്ങൾ തേടിപ്പിടിക്കാനുള്ള പ്രചോദനവും പരാജയത്തിൽനിന്ന് ഉയർച്ചയിലേക്ക് നടന്നുകയറാനുള്ള ആത്മവിശ്വാസവും പങ്കുവെക്കുന്ന സെഷനുകളായിരുന്നു സമാപന ദിനമായ ബുധനാഴ്ച അരങ്ങേറിയത്.
തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നവർക്ക് സി.വി തയാറാക്കാനും ഇന്റർവ്യൂ അഭിമുഖീകരിക്കാനും പരിചയപ്പെടുത്തുന്ന എംപ്ലോയബിലിറ്റി സെഷൻ, സ്വന്തം മനസ്സിനെ നിയന്ത്രിക്കാനുള്ള ഉപദേശ-നിർദേശങ്ങളുമായി സൈക്കോളജിക്കൽ ചാറ്റ്, വിവിധ മേഖലകളിൽ ജീവിതവിജയം കൈവരിച്ച പ്രഫഷനലുകൾ ജീവിതാനുഭവം പങ്കുവെക്കുന്ന സക്സസ് ചാറ്റ് തുടങ്ങിയവയായിരുന്നു ബുധനാഴ്ചത്തെ ആകർഷണങ്ങൾ. ഏറ്റവുമൊടുവിൽ ടോക് ഷോകളിലൂടെയും മാജിക്കിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ രാജ് കലേഷിന്റെ ഇൻഫോടൈൻമെന്റ് സെഷനും നവ്യാനുഭവമായി.
രാവിലെ എ.ഐ, റോബോട്ടിക്സ് തുടങ്ങിയവയുടെ ഭാവിയും വർത്തമാനവും പങ്കുവെച്ച യുനീക് വേൾഡ് റോബോട്ടിക്സിന്റെ സി.ഇ.ഒയും ഫൗണ്ടറുമായ ബൻസൻ തോമസ് ജോർജിന്റെ സെഷനോടെയാണ് എജുകഫേ രണ്ടാംദിനം തുടങ്ങിയത്. തുടർന്ന്, എംപ്ലോയബിലിറ്റി സെഷൻ അരങ്ങേറി. ഇതിനുശേഷം ഐ.ഐ.ടി ഖരഗ്പുർ വിദ്യാർഥിയും ജെ.ഇ.ഇ-നീറ്റ് ടോപ്പറുമായ നൈന സിതാര എൻട്രൻസ് തയാറെടുപ്പുകളെ കുറിച്ച് സംസാരിച്ചു. സൈക്കോളജിക്കൽ ചാറ്റ് ഷോ സെഷനിൽ ആബ്സല്യൂട്ട് മൈൻഡ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കവിത എം.എ, ആബ്സല്യൂട്ട് മൈൻഡ് കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് ഷംന, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് നമിത വിജയൻ പി. എന്നിവർ സംസാരിച്ചു. പി. രേവതി മോഡറേറ്ററായി.
ജീവിതവഴികളിലെ ഉയർച്ച താഴ്ചകളെ കുറിച്ചും ഒടുവിൽ തങ്ങളുടെ മേഖലയിൽ പ്രശോഭിച്ച വഴികളെ കുറിച്ചും അനുഭവങ്ങൾ പങ്കുവെച്ചുള്ള സക്സസ് ചാറ്റ് വിദ്യാർഥികൾക്ക് പ്രചോദനം പകരുന്നതായിരുന്നു.
കുസാറ്റ് പ്രഫസറും ഫുൾബ്രൈറ്റ് സ്കോളറുമായ ഡോ. എ.എ. മുഹമ്മദ് ഹത്ത, കുസാറ്റ് അസി. പ്രഫസർ ഡോ. പങ്കജ് സാഗർ, പിഎച്ച്.ഡി സ്കോളറും കേരള സിവിൽ സർവിസ് അക്കാദമി ഫാക്കൽറ്റിയുമായ ഡോ. വിനീത വിജയൻ, കലാനിരൂപകനും കവിയും ചിത്രകാരനുമായ സുധീഷ് കോട്ടേമ്പ്രം തുടങ്ങിയവർ സെഷനിൽ സംവദിച്ചു. മാധ്യമം സീനിയർ സബ് എഡിറ്റർ ഷെബീൻ മെഹബൂബ് മോഡറേറ്ററായി. കൗമാരത്തിലെ ജീവിതവിജയത്തെ കുറിച്ച് മോട്ടിവേഷനൽ സ്പീക്കർ സഹല പർവീൺ സംസാരിച്ചു. രാജ് കലേഷിന്റെ അറിവും ആനന്ദവും ആവേശവും പകരുന്ന ഇന്ററാക്റ്റിവ് സെഷനോടെയാണ് മാധ്യമം എജുകഫേക്ക് കൊച്ചിയിൽ സമാപനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.