കൊച്ചി: റോഡ് വികസനത്തിെൻറ ഭാഗമായി മരങ്ങൾ മുറിച്ചുനീക്കാതെ പിഴുതെടുത്ത് സംരക്ഷിക്കണമെന്ന് പരിസ്ഥിതി പ്രവർത്തകർ. മരത്തിെൻറ ചില്ലകൾ കോതിയൊതുക്കി നാലടി വിസ്താരത്തിലും ആഴത്തിലും കുഴിയുണ്ടാക്കി പിഴുതെടുക്കണം. പുതുതായി സ്ഥാപിക്കുന്നിടത്ത് അവ സ്വയം വളരാൻ പ്രാപ്തി നേടുംവരെ ശാസ്ത്രീയമായി അവയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ജൈവവൈവിധ്യ ബോർഡ് മുൻ ചെയർമാൻ ഡോ. വി.എസ്. വിജയൻ, ജോൺ പെരുവന്താനം, ഇ.പി. അനിൽ തുടങ്ങിയവരാണ് പൊതുമരാമത്ത് മന്ത്രിയോട് ഈ ആവശ്യമുന്നയിച്ചത്.
300 മുത്തശ്ശിമരങ്ങൾ 100 വർഷത്തിനിടയിൽ നാടിന് 220 കോടി രൂപയുടെ സേവനം ചെയ്യുന്നുവെന്നാണ് സുപ്രീംകോടതി പറഞ്ഞത്. മറ്റുവിഭാഗത്തിലെ 4,056 മരങ്ങൾ 3,021 കോടിയുടെ സഹായം നൽകുമെന്നും ചൂണ്ടിക്കാട്ടി. ഒരു മരം ശരാശരി 74,500 രൂപയുടെ സേവനം വർഷം നടത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ െബഞ്ച് വിശദീകരിച്ചു.
റോഡരികിലെ മരങ്ങൾ പിഴുതെടുത്ത് മറ്റൊരിടത്ത് സ്ഥാപിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ കാട്ടുന്ന താൽപര്യം ലോകശ്രദ്ധയാകർഷിച്ചിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു. നഗരത്തിലെ ചൂടുതുരുത്തുകൾ എന്ന പേരുദോഷത്തിൽനിന്ന് ഒഴിവാകാൻ വൻകിട നഗരങ്ങൾ ശ്രമിക്കുകയാണ്. മെട്രോ റെയിൽ നിർമാണത്തിന് ഹൈദരാബാദിൽ വെട്ടിമാറ്റേണ്ട 800 മരങ്ങൾ മാറ്റിസ്ഥാപിക്കുന്നതിൽ വിജയിച്ചു.
അത് നടപ്പാക്കാൻ 15 വർഷം പഴക്കമുള്ള ഓരോ മരത്തിനും 6,000 രൂപ വീതവും 100 വർഷം കഴിഞ്ഞ മരങ്ങൾക്ക് 1.5 ലക്ഷം രൂപയും ചെലവുവന്നു. ഗ്രീൻ മോണിറ്ററിങ് ഹോർട്ടികൾചർ സർവിസ് എന്ന സ്വകാര്യ കമ്പനിയാണ് മരങ്ങൾ മാറ്റിസ്ഥാപിച്ചത്. പുനലൂർ-മൂവാറ്റുപുഴ റോഡ് വികസനത്തിന് 737.64 കോടി രൂപയാണ് അടങ്കല്‍ തുക.
റോഡിെൻറ വീതി 10 മുതൽ 15 മീറ്റർ വരെയായിരിക്കും. മലയോര ഹൈവേയുടെ വീതി കൂട്ടലിെൻറ 375 കി.മീ. ദൂരത്തുനിന്ന് മുത്തശ്ശിമരങ്ങൾ വെട്ടിമാറ്റി. നൂറ്റാണ്ടുമുമ്പ് നഗരങ്ങളിൽ തണൽമരങ്ങൾ വെച്ചുപിടിപ്പിച്ച രാജാക്കന്മാരുടെ അറിവുപോലും നമ്മുടെ മന്ത്രിമാർക്കില്ല. സംസ്ഥാനത്തെ ഹരിതവാദികളായ എം.എൽ.എമാരെങ്കിലും ഇക്കാര്യം സഭയിൽ അവതരിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.