NEW പെരിയ ഇരട്ടക്കൊല: അഞ്ച്​ പ്രതികളുടെ ജാമ്യാപേക്ഷയിൽ ഇന്ന്​ വിധി

കൊച്ചി: കാസർകോട്​ പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച്​ പ്രതികളുടെ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി. കുറ്റപത്രം സമർപ്പിക്കുന്നതിന്​ തൊട്ടുമുമ്പ്​ അറസ്​റ്റിലായ സുരേന്ദ്രൻ എന്ന വിഷ്ണു സുര (47), എ. മധു എന്ന ശാസ്​ത മധു (40), റെജി വർഗീസ് (43), എ. ഹരിപ്രസാദ് (31), സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു (38) എന്നിവരുടെ ജാമ്യാപേക്ഷയാണ്​ എറണാകുളം ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി വെള്ളിയാഴ്​ചത്തേക്ക്​ മാറ്റിയത്​. കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. അറസ്​റ്റിനുപിന്നിൽ ഗൂഢോദ്ദേശ്യമാണെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാൽ, അഞ്ച്​ പ്രതികളും ഗൂഢാലോചനയിൽ പ​ങ്കെടുത്തതിന്​ തെളിവുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. ഇവർക്ക്​ ഉന്നത രാഷ്​ട്രീയസ്വാധീനമുണ്ടെന്നും കേസ്​ സി.ബി.ഐക്ക്​ വിടാതിരിക്കാൻ സുപ്രീംകോടതിവരെ പോയത്​ ഇതിന്​ തെളിവാണെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. കാസര്‍കോട്​ പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാൽ (24) എന്നിവർ 2019 ഫെബ്രുവരി 17നാണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ അക്രമിസംഘം ഇരുവരെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയെന്നാണ്​ കേസ്​. 15ാം പ്രതിയായ വിഷ്​ണു സുരക്ക്​ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കുണ്ടെന്ന ആരോപണത്തോടെയാണ്​ കുറ്റപത്രം നൽകിയത്​. കേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ അടക്കം 24 പ്രതികൾക്കെതിരെ സി.ബി​.ഐ ദിവസങ്ങൾക്കുമുമ്പ്​ കുറ്റപത്രം നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.