കൊച്ചി: സൈക്കിൾ ചവിട്ടി സുരക്ഷിതമായി നഗരം ചുറ്റാൻ സഹായകരമായി കൊച്ചിയിലെ റോഡുകളിൽ സൈക്കിൾ ലൈൻ രേഖപ്പെടുത്തി തുടങ്ങി. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് സ്മാർട്ട്റോഡുകളായി വികസിപ്പിക്കുന്ന പാതകളിലാണ് ലൈനുകൾ. ഇത് രേഖപ്പെടുത്തുന്നത് ഈമാസം 25ന് പൂർത്തിയാകും.
മാർച്ച് 31ന് സ്മാർട്ട് റോഡുകളിൽ സൈക്കിൾ ട്രാക്ക് തുറക്കും. ജർമൻ വികസന ഏജൻസി 'ജിസ്' സഹകരണത്തോടെ ഇന്ത്യ സൈക്കിൾസ് ഫോർ ചെയ്ഞ്ച് കാമ്പയിനിെൻറ ഭാഗമായാണിത്. ഗോശ്രീപാലം തുടങ്ങുന്നത് മുതൽ ഹൈകോടതി ജങ്ഷൻ വരെയാണ് എബ്രഹാം മാടമാക്കൽ റോഡിൽ സൈക്കിൾ ട്രാക്ക് രേഖപ്പെടുത്തിയത്. കൊച്ചിയിലും ഫോർട്ട്കൊച്ചിയിലുമായി അഞ്ച് സ്മാർട്ട് റോഡുകളിലാണ് സൈക്കിൾ ലൈനുകൾ വരുക.
'ഭാവിയിൽ കൊച്ചിയിലെ എല്ലാ റോഡുകളും സൈക്കിൾ യാത്രികർക്ക് സൗഹൃദമാക്കുകയാണ് ലക്ഷ്യം. കോർപറേഷൻ, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, അർബൻ പ്ലാനർമാർ എന്നിവയെയെല്ലാം കൂട്ടിയിണക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ജനത്തെ സൈക്കിളിലേക്ക് ആകർഷിക്കാൻ ആദ്യപടിയാണ് സ്ഥിരമായ സൈക്കിൾ ട്രാക്കുകൾ. ഇതിലൂടെ സൈക്കിൾ സൗഹൃദ റോഡുകൾ വികസിപ്പിക്കാൻ കഴിയുമെന്ന് സി.എസ്.എം.എൽ സി.ഇ.ഒ ജാഫർ മാലിക് പറഞ്ഞു. ട്രാക്കുകൾക്ക് പുറമെ ബസ്ബേ, വാക്വേ, റോഡരികിൽ ഇരിപ്പിടങ്ങൾ, സീബ്രാ ക്രോസിങ് ഉൾപ്പെടെ സ്മാർട്ട് റോഡുകളിൽ സജ്ജമാക്കും.
എൽ.ഇ.ഡി ലൈറ്റുകൾ, പൂച്ചെടികൾ, കാഴ്ച വൈകല്യമുള്ളവർക്ക് സുരക്ഷിത യാത്രക്ക് സംവിധാനം എല്ലാം ഈ റോഡുകളിൽ ഒരുക്കുന്നുണ്ട്. ബാനർജി റോഡ്, ഷൺമുഖം റോഡ്, പാർക് അവന്യൂ റോഡ്, ഡി.എച്ച് റോഡ്, സൗത്ത് റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവ സ്മാർട്ട് റോഡുകളാക്കുന്ന പണികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.