വെളിച്ചെണ്ണയിൽ മൊരിഞ്ഞുപൊങ്ങുന്ന കായ് വറുത്തത്, മധുരമൂറുന്ന ശർക്കരവരട്ടി... ചിറ്റൂർ റോഡിലെ വറവുകടയിൽ പൊന്നോണം വരവേൽക്കാൻ വിഭവങ്ങൾ തയാറാണ്. കോവിഡ് പശ്ചാത്തലത്തിൽ മാന്ദ്യത്തിലായിരുന്ന വിപണിക്ക് അടുത്ത ദിവസങ്ങളിലായി കുറച്ച് ഉണർവുണ്ടായിട്ടുണ്ടെന്ന് െതളിയിച്ച് കടക്ക് മുന്നിൽ സാധനം വാങ്ങാനെത്തിയവരുടെ തിരക്ക്.
ഓണവിഭവങ്ങളിൽ ഒഴിച്ചുകൂടാനാകാത്തതാണ് കായ്വറുത്തതും ശർക്കര വരട്ടിയും. കോവിഡ് കാലത്തെ ഓണവിഭവങ്ങൾ ഇവയില്ലാതെ ചുരുങ്ങുമോ എന്ന് ഭയപ്പെട്ടിരുന്നെങ്കിലും അവസ്ഥക്ക് മാറ്റംവന്നു. പച്ചക്കായിനും വെളിച്ചെണ്ണക്കും വില വർധിച്ചത് വിപണിയെ ബാധിച്ചിട്ടുണ്ട്. പച്ചക്കായ്ക്ക് കിലോ 45 രൂപയാണ് വില. 320 രൂപ മുതൽ 350 രൂപ വരെയാണ് നഗരത്തിലെ വിവിധയിടങ്ങളിൽ ഒരു കിലോ കായ്വറുത്തതിന് വില. പച്ചക്കായുടെ വില അനുസരിച്ച് വരും ദിവസങ്ങളിൽ ഇതിന് മാറ്റം വന്നേക്കാമെന്ന് കച്ചവടക്കാർ പറയുന്നു.
കല്യാണപാർട്ടികൾ കുറഞ്ഞതാണ് ഏതാനും നാളുകളായി ചിപ്സ് വിപണിക്ക് തിരിച്ചടിയുണ്ടാകാൻ കാരണം. ഓണക്കാലത്ത് കോളജ്, സ്കൂൾ, ഓഫിസുകൾ എന്നിവിടങ്ങളിൽ ആഘോഷങ്ങളില്ലാതായതും പ്രതിസന്ധി സൃഷ്ടിച്ചു. ശർക്കരവരട്ടി കിലോക്ക് 300 മുതൽ 340 രൂപ വരെയാണ് വില. കഴിഞ്ഞ രണ്ടുവർഷത്തെ പ്രളയങ്ങളും ഇത്തവണ കോവിഡും ഓണവിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് എറണാകുളം മലബാർ ചിപ്സ് ഷോപ് ഉടമ ജഷീർ പറയുന്നു. വരും ദിവസങ്ങളിൽ ഈ അവസ്ഥകൾക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
200 ഗ്രാമിെൻറ മിൽമ പാലട പാക്കറ്റിന് 70 രൂപയാണ് വില. പായസം മിക്സിന് ആവശ്യക്കാരേറെയുണ്ടെന്ന് എറണാകുളം സൊസൈറ്റി ബേക്കറിയിലെ വ്യാപാരികൾ പറഞ്ഞു. പായസക്കൂട്ടിന് ആവശ്യമായ സാധനങ്ങൾ തേടി ആളുകൾ കടകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട ഉൽപന്നമായ ശർക്കരക്ക് കിലോ 74 രൂപയാണ് വില. കശുവണ്ടി 850 രൂപ മുതൽ 1200 വരെ വിലയുണ്ട്. പഞ്ചസാരക്ക് ഒരു കിലോ 42 രൂപയും വിലയുണ്ട്. നുറുക്ക് ഗോതമ്പ് 98, പായസപ്പരിപ്പ്-125 എന്നിങ്ങനെയാണ് ഒരു കിലോക്ക് വില. ഏലക്ക 20 ഗ്രാമിെൻറ പാക്കറ്റിന് 70 രൂപയാണ്. പച്ചക്കറി വിപണിക്കും ഉണർവുണ്ടായിട്ടുണ്ട്. സപ്ലൈകോ മുഖാന്തരം വിവിധ വിഭവങ്ങൾ അടങ്ങിയ ഓണക്കിറ്റും നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.