പള്ളിക്കര: ബ്രഹ്മപുരം പാലം പൊളിച്ച് ഉയരംകൂട്ടി നിർമിക്കാനുള്ള നീക്കത്തിൽ ബദൽ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. ഇതേതുടർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ്. തൃക്കാക്കര മുനിസിപ്പാലിറ്റിയെയും വടവുകോട് പുത്തൻകുരിശ്, കുന്നത്തുനാട് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നതാണ് ബ്രഹ്മപുരം പാലം. വാട്ടർ മെട്രോയുമായി ബന്ധപ്പെട്ടാണ് പാലത്തിന്റെ ഉയരം കൂട്ടാനുള്ള തീരുമാനം.
ഉയരം കൂട്ടിയില്ലെങ്കിൽ ബോട്ടുകൾക്ക് കടന്ന് വരാനാകില്ല. എന്നാൽ, ടെൻഡർ നടപടി പൂർത്തിയാകുമ്പോഴും പാലത്തിൽ ബദൽ സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് ഉൾപ്പെടെ ഇൻഫോപാർക്ക്, സ്മാർട്ട് സിറ്റി, കലക്ടറേറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നത് ഈ പാലം വഴിയാണ്. പാലം പൊളിച്ച് പണിയുന്നതിന് ചുരുങ്ങിയത് 18 മാസമാണ് ടെൻഡറിൽ പറയുന്നത്.
അങ്ങനെ വരുമ്പോൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് കിലോമീറ്റർ കറങ്ങിവേണം മറുവശത്ത് എത്താൻ. കൂടാതെ നിരവധി വാഹനങ്ങളും എറണാകുളം ഉൾപ്പെടെ പ്രദേശത്തേക്ക് എളുപ്പവഴിയിൽ പോകുന്ന വഴിയാണിത്. വരും ദിവസങ്ങളിൽ ആക്ഷൻ കൗൺസിൽ രൂപവത്കരിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. കൂടാതെ കലക്ടർ, എം.പി, എം.എൽ.എ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.