പള്ളിക്കര: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പ്രശ്നങ്ങൾ പരിഹാരിക്കാൻ സ്വീകരിച്ച നടപടി വിജയത്തിലേക്കെന്ന് കോർപറേഷൻ മേയർ എം. അനിൽകുമാർ. പ്രവർത്തനം വിലയിരുത്താൻ പ്ലാന്റ് സന്ദർശിച്ചതായിരുന്നു അദ്ദേഹം. ബയോമൈനിങ്ങിൽ ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് നടപ്പാക്കിയ പദ്ധതി വൻ മാറ്റമുണ്ടാക്കി. പട്ടാളപ്പുഴുക്കളെ ഉപയോഗിച്ച് ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള ബി.എസ്.എഫ് സംസ്കരണ യൂനിറ്റ് നിശ്ചയിച്ച സമയത്തു തന്നെ പ്രവർത്തനം ആരംഭിച്ചു. വിൻഡ്രോ മാലിന്യ പ്ലാന്റ് സ്ഥാപിക്കാനും അനുമതിയായി. ബി.പി.സി.എൽ മാലിന്യ സംസ്കരണ പ്ലാന്റും നിർമാണം പുരോഗമിക്കുന്നു. കൊച്ചി നഗരത്തിന്റെ മാത്രമല്ല, സമീപ നഗരസഭകളുടെയും മാലിന്യം സംസ്കരിക്കാൻ കഴിയുന്ന ഒന്നായി മാറുമെന്ന പ്രതീക്ഷയിലാണ് കോർപറേഷൻ.
തീപിടിത്തത്തെ തുടർന്ന് വിവാദമായ കമ്പനിയെ മാറ്റി ബ്രഹ്മപുരത്ത് ബയോമൈനിങ് ചെയ്യാൻ ഭൂമി ഗ്രീൻ എനർജി കമ്പനിയുമായി നഗരസഭ നവംബറിൽ കരാറിൽ ഏർപ്പെട്ടു. ഏകദേശം 8.40 ലക്ഷം ടൺ പൈതൃക മാലിന്യമുള്ളതായാണ് കണക്ക്.
ഫയർ, മലിനീകരണ നിയന്ത്രണ ബോർഡ്, ലീഗൽ മെട്രോളജി എന്നിവരിൽനിന്നുള്ള അനുമതി നേടിയ ശേഷം ജനുവരി 15 നാണ് ബയോമൈനിങ് ഭൂമി ഗ്രീൻ എനർജി ആരംഭിച്ചത്. ദിവസവും 3000 മെട്രിക് ടൺ മാലിന്യം സംസ്കരിക്കാനുള്ള യന്ത്രസംവിധാനം ഇവിടെയുണ്ട്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം 4.10 ലക്ഷം മെട്രിക് ടൺ പൈതൃക മാലിന്യം സ്റ്റെബിലൈസേഷൻ നടപടി പൂർത്തിയാക്കുകയും 2.93 ലക്ഷം മെട്രിക് ടൺ പൈതൃക മാലിന്യം സംസ്കരിക്കുകയും ചെയ്തു. 41,504 മെട്രിക് ടൺ ആർ.ഡി.എഫ് വിവിധ സംസ്ഥാനങ്ങളിലെ സിമന്റ് ഫാക്ടറികളിലേക്ക് കയറ്റി അയച്ചു.1360 ട്രക്ക് മാലിന്യമാണ് ഇതുവരെ കൊണ്ടുപോയത്.
2025 മേയിൽ ബയോമൈനിങ് പൂർത്തീകരിക്കുമെന്ന് ഭൂമി എനർജി പ്രതിനിധി പറഞ്ഞു. പട്ടാളപ്പുഴുവിനെ ഉപയോഗിച്ച് മാലിന്യസംസ്കരണം നടത്തുന്ന ബി.എസ്. എഫ് പ്ലാന്റുകൾ ബ്രഹ്മപുരത്ത് പ്രവർത്തനം തുടങ്ങി. കൊച്ചിയുടെ മാലിന്യപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കക്ഷി രാഷ്ട്രീയ ഭേദമന്യേ നഗരസഭ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണെന്ന് മേയർ എം. അനിൽകുമാർ മാലിന്യ സംസ്കരണം സംബന്ധിച്ച് വിളിച്ച മാധ്യമ പ്രവർത്തകരുടെ യോഗത്തിൽ പറഞ്ഞു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷറഫും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.