വ്യവസ്ഥകൾ നോക്കുകുത്തി ഫാക്ടിൽ കരാർ തൊഴിലാളികൾക്ക്​ അടിമപ്പണി

പള്ളിക്കര: ഫാക്ട് കൊച്ചിന്‍ ഡിവിഷനില്‍ കരാര്‍ തൊഴിലാളികളുടെ കരാര്‍ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആക്ഷേപം. വര്‍ഷാവര്‍ഷം ലേബര്‍ കമീഷണറും തൊഴിലാളി യൂനിയനും തമ്മിലുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകളാണ് ലംഘിക്കപ്പെടുന്നത്.

ബാഗിങ് മേഖലയില്‍ തൊഴിലാളികള്‍ വ്യവസ്ഥയനുസരിച്ച് 1600 ചാക്ക്, നാല് പേര്‍കൂടി ചുമന്നാല്‍ മതി. എന്നാല്‍, തൊഴിലാളികളെക്കൊണ്ട് ഒരു മാനദണ്ഡവും ഇല്ലാതെ 2000 ചാക്ക് വരെ ചുമപ്പിക്കും. അതുകഴിഞ്ഞാല്‍ ഓവര്‍ടൈം എന്ന പേരില്‍ വീണ്ടും ജോലിയെടുക്കണം.

1600 ചാക്കില്‍ കൂടുതല്‍ തൊഴിലാളികളെക്കൊണ്ട് ചുമടെടുപ്പിക്കരുതെന്ന് ഹൈകോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ കമ്പനി മാനേജ്‌മെന്റ് തയാറല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അത്തരത്തില്‍ ഒരു വിധിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് മാനേജ്‌മെന്റ് പറയുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

ഓവര്‍ടൈം ജോലിക്ക് ഒരു ചാക്കിന് 2.62 പൈസയാണ് ആറ് പേര്‍ക്കുകൂടി നല്‍കുന്നത്. ഇതില്‍ ഒരുവിഹിതം സൂപ്പര്‍വൈസര്‍ക്കും നല്‍കണം. ചുരുക്കത്തില്‍ ഒരു തൊഴിലാളിക്ക് ഒരു ചാക്ക് ചുമന്നാല്‍ 45 പൈസയില്‍ താഴെയാണ് ലഭിക്കുന്നത്.

ലേബര്‍ കമീഷണറുടെ മുന്നില്‍ ഇങ്ങനെ ജോലി ചെയ്യുന്നതിന് ഇരട്ടി ശമ്പളം നല്‍കുന്നുണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ ജോലിയെടുക്കുന്നതിന് ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ഇല്ല. ഒരാള്‍ ഒന്നില്‍ കൂടുതല്‍ ഷിഫ്റ്റ് ജോലിക്ക് കയറിയാലും ഇ.എസ്.ഐയോ പി.എഫോ ലഭിക്കുകയില്ല.

48 മണിക്കൂര്‍ ജോലിയെടുത്താല്‍ ഒരു തച്ച് പൈസ ശമ്പളമായി നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കാറില്ല. 185 തച്ച് ജോലി ചെയ്യുന്ന ഒരു തൊഴിലാളിക്ക് ഒരുമാസത്തെ ശമ്പളം കൂടുതലായി നല്‍കണമെന്ന വ്യവസ്ഥയും പാലിക്കാറില്ലെന്നാണ് തൊഴിലാളികളുടെ ആരോപണം.

കമ്പനിയില്‍നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ഒരു മാനദണ്ഡവും പാലിക്കാതെ കരാര്‍ ജോലിക്ക് കയറ്റുകയും ഒരുവര്‍ഷം വരെയുള്ള പാസ് അടിച്ച് നല്‍കുകയും ചെയ്യും. ആറുമാസത്തില്‍ കൂടുതല്‍ പാസ് അടിക്കാന്‍ പാടില്ലെന്ന വ്യവസ്ഥപോലും പാലിക്കാറില്ല. ഒരുവര്‍ഷത്തേക്ക് പാസ് നീട്ടിനല്‍കണമെന്ന വ്യവസ്ഥ ലേബര്‍ കമീഷണര്‍ അംഗീകരിച്ചിട്ടുമില്ല.

Tags:    
News Summary - contract workers are in fact slave labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.